മോദിക്കെതിരെ കവിത; ബിജെപി നേതാവിനെ പാര്‍ട്ടി പുറത്താക്കി
ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കവിതയെഴുതിയ ബിജെപി നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ബി.ജെ.പി. ആഗ്രാ ഘടകത്തിലെ ലോക്കല്‍ മീഡിയാ ഇന്‍ചാര്‍ജ് രാജ്കുമാര്‍ പഥികിനെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടി പുറത്താക്കിയത്. ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുകയാണെന്നും പാര്‍ട്ടി നേതാവ് അറിയിച്ചു.
രാജ്കുമാര്‍ പഥിക് തന്റെ കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ കാശ്മീരില്‍ നടന്ന സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കവിത. പിഡിപിയുമായി കൂട്ടുകൂടിയത് ബിജെപിക്ക് ഒട്ടും നല്ല കാര്യമല്ലെന്ന് അദ്ദേഹം കവിതയില്‍ പറയുന്നു. കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെ പിന്താങ്ങുന്ന മോദി പാമ്പിന് പാല്‍ കൊടുക്കുകയാണെന്നും അവസരം കിട്ടിയാല്‍ മോദിയെ കടിക്കുമെന്നും കവിതയിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കവിതയ്ക്ക് ഫേസ്ബുക്കില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. ബിജെപി അനുഭാവികളും അല്ലാത്തവരുമെല്ലാം കവിത ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തതോടെയാണ് ബിജെപിയുടെ പ്രാദേശിക ഘടകത്തിന് സംഭവം ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ ആഗ്രാ ഘടകം അധ്യക്ഷന്‍ നാഗേന്ദ്ര ദുബേയ് ഇടപെട്ട് പഥികിനെ പുറത്താക്കുകയും ചെയ്തു.
കവിത പാര്‍ട്ടിക്ക് എതിരെയുള്ളതാണെന്നും പാര്‍ട്ടി പ്രവര്‍ത്തകന്‍ അച്ചടക്കം ലംഘിച്ചിരിക്കുകയാണെന്നും ദുബേയ് പറഞ്ഞു. അതേസമയം, താന്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും രാജ്കുമാര്‍ പഥിക് വ്യക്തമാക്കി. നരേന്ദ്ര മോദിതന്നെ വിഷയത്തില്‍ പാര്‍ലമെന്റില്‍ അഭിപ്രായം നടത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications