എന്തുകൊണ്ട് ജയലളിത അത്യാഹിത വിഭാഗത്തില്‍, വിശദീകരണവുമായി അപ്പോളോ ചെയര്‍മാന്‍
ജയലളിതയുടെ കുറഞ്ഞ പ്രതിരോധ ശേഷി കണക്കിലെടുത്ത് അണുബാധയില്‍ നിന്ന് മുക്തി നേടാനാണ് ഈ നീക്കം
ചെന്നൈ: രോഗം ഭേദമായിട്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഐസിസിയുവില്‍ കഴിയുന്നതിനുള്ള കാരണം വെളിപ്പെടുത്തി അപ്പോളോ ആശുപത്രി ചെയര്‍മാന്‍. ജയലളിതയുടെ കുറഞ്ഞ പ്രതിരോധ ശേഷി കണക്കിലെടുത്ത് അണുബാധയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ആശുപത്രി വിടാന്‍ അനുവദിക്കാതെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് സി റെഡ്ഡിയാണ് വെള്ളിയാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
വെന്റിലേറ്ററിന്റെ സഹായമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ജയലളിതയെ ഏതുസമയത്തും ആശുപത്രിയില്‍ നിന്ന് മാറ്റാമെന്നും റെഡ്ഡി പറയുന്നു. മറ്റ് ശാരീരിക അവസ്ഥകള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്നതോടെയാവും ആശുപത്രി വിടാന്‍ നിര്‍ദേശിക്കുക. തലൈവി സ്വഭാവികമായി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്, ശരീരത്തിന് ഉയര്‍ന്ന രീതിയില്‍ പ്രോട്ടീന്‍ ആവശ്യമായതിനാല്‍ പ്രോട്ടീന്‍ അധികമുള്ള ഭക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം സെപ്തംബര്‍ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഏറെ ദിവസങ്ങള്‍ക്ക് ശേഷവും ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പോളോ ആശുപത്രിയും പാര്‍ട്ടിയും പുറത്തുവിടാത്തതോടെ ജയലളിതയുടെ രോഗാവസ്ഥയെക്കുറിച്ച് സോഷ്യല്‍ മീഡിയ വഴി ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ജയലളിതയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഇതിനിടെ ജയലളിതയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അത്യാഹിത വിഭാഗത്തിനുള്ളില്‍ ചികിത്സയിലിരിക്കുന്ന ചിത്രവും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ ചിത്രം വ്യാജമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഇതോടെ ജയലളിതയുടെ പേരില്‍ അഭ്യുഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേകം സൈബര്‍ വിദഗ്ദരും ജാഗ്രത പുലര്‍ത്തിയിരുന്നു.












Click it and Unblock the Notifications