ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണം: സുപ്രീംകോടതിക്ക് മുമ്പില്‍ അപേക്ഷയുമായി കെജ്‌രിവാൾ
ഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്ന അപേക്ഷയുമായി എഎപി ദേശീയ കണ്‍വീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് മുമ്പാകെയാണ് കെജ്‌രിവാൾ അപേക്ഷ നല്‍കിയിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ കെജ്‌രിവാൾ 7 കിലോ ഭാരം കുറയുകയും കെറ്റോണിൻ്റെ അളവ് കൂടുകയും ചെയ്തതിനെ തുടർന്ന് PET-CT സ്‌കാൻ ഉൾപ്പെടെയുള്ള മെഡിക്കൽ ടെസ്റ്റുകളുടെ ആവശ്യമാണെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ കെജ്‌രിവാളിന് സുപ്രീം കോടതി ആദ്യം ജൂൺ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയായിരുന്നു കെജ്‌രിവാളിന് സുപ്രീംകോടതി കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവധിച്ചത്. വിധി പ്രകാരം ജൂൺ രണ്ടിന് ഡല്‍ഹി മുഖ്യമന്ത്രി തിഹാർ ജയിലിലേക്ക് മടങ്ങണം.

മാക്‌സ് ആശുപത്രിയുടെ മെഡിക്കൽ സംഘം അരവിന്ദ് കെജ്‌രിവാളിനെ പ്രാഥമിക പരിശോധിച്ച് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യത്തിന്റെ ക്ഷേമത്തിന് ഈ പരിശോധനകൾ നിർണായകമാണെന്നും ആവശ്യമായ മെഡിക്കൽ അന്വേഷണങ്ങൾ പൂർത്തിയാക്കാൻ നീട്ടുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.
കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത് തന്നെ നേരത്തെ ചില വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരുന്നു. സുപ്രീം കോടതിയിൽ നിന്ന് അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചുവെന്നാണ് ബി ജെ പി നേതാക്കൾ ആരോപിച്ചത്. എന്നാൽ, കെജ്‌രിവാളിന് അനുകൂലമായി ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ജാമ്യം അനുവദിച്ച ബെഞ്ചിലെ ജസ്റ്റിസുമാർ വ്യക്തമാക്കി.
ഡൽഹി എക്‌സൈസ് നയം (2021-22) രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഡല്‍ഹിയിലെ മദ്യവ്യാപാരരംഗത്ത് വിപുലീകരണം കൊണ്ടുവരുന്നതിനായി അവതരിപ്പിച്ച എക്സൈസ് നയം കൂടുതല്‍ ഇളവുകള്‍ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു. ഇത്തരത്തിലുള്ള മദ്യനയം രൂപീകരിക്കുന്നതിനായി കോടിക്കണക്കിന് രൂപ അഴമതിയായി വാങ്ങിയെന്നാണ് ആരോപണം.
വിവാദം ഉയർന്നതോടെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന ഉത്തരവിടുകയായിരുന്നു. അതേസമയം, സക്‌സേനയുടെ മുൻഗാമിയായ അനിൽ ബൈജൽ അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ നയത്തിൻ്റെ വരുമാന പ്രതീക്ഷകളെ പ്രതികൂലമായി ബാധിച്ചുവെന്നാണ് എ എ പി ആരോപിക്കുന്നത്.
എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പെടേയുള്ളവരും കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സിസോദിയയെ സി ബി ഐ കഴിഞ്ഞ വർഷം ഫെബ്രുവരി 26 നായിരുന്നു അറസ്റ്റ് ചെയ്തത്. രാജ്യസഭാംഗമായ സഞ്ജയ് സിംഗിനെ ഇതേ കേസില്‍ ഒക്ടോബർ 5 ന് ഇഡി അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications