പ്രണയം അവസാനിപ്പിക്കാനെത്തിയ മകളെ തള്ളിയിട്ടു; പരാതിയില്‍ അന്വേഷണം, മലയാളി യുവാവ് കുടുങ്ങും
ആദേശുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അര്‍ച്ചന ദുബായില്‍ നിന്നും എത്തിയതെന്നാണ് വിവരം.

ബംഗളൂരു: ഹിമാചല്‍ പ്രദേശ് സ്വദേശിനിയും എയര്‍ ഹോസ്റ്റസുമായ യുവതിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റിലായിരുന്നു. യുവതിയുടെ ആണ്‍ സുഹൃത്തായ ആദേശിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 11ന് ആണ് ഹിമാചല്‍ സ്വദേശിനിയായ അര്‍ച്ചന ധിമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചന കെട്ടിടത്തില്‍ നിന്നും വീണതിന് പിന്നാലെ അദേശ് പൊലീസിനെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആദേശ് മകളെ തള്ളിയിട്ടതാണെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്. ബംഗളൂരുവിലെ ഒരു സോഫ്‌റ്റ്വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദേശ്.
ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ട് പേരും തമ്മില്‍ ഏഴ് മാസമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദുബായില്‍ നിന്ന് അര്‍ച്ചന ഈ മാസം ഏഴിനാണ് ബംഗളൂരുവില്‍ എത്തിയത്. കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.
ആദേശുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അര്‍ച്ചന ദുബായില്‍ നിന്നും എത്തിയതെന്നാണ് വിവരം. വെള്ളിയാഴ്ച ഇരുവരും ചേര്‍ന്ന് തീയേറ്ററില്‍ സിനിമ കാണാന്‍ പോയിരുന്നു. ഇതിന് ശേഷം താമസ സ്ഥലത്ത് തിരിച്ചെത്തിയതിന് ശേഷമാണ് അര്‍ച്ചന നാലാം നിലയില്‍ നിന്ന് വീണ് മരിച്ചത്.
തര്‍ക്കത്തെ തുടര്‍ന്ന് ആദേശ് തള്ളിയിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സമയത്ത് അര്‍ച്ചന മദ്യപിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ആദേശിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അര്‍ച്ചന ബാല്‍ക്കണിയില്‍ നിന്ന് തെന്നി വീണുവെന്നും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെന്നുമാണ് ആദേശ് പറയുന്നത്.












Click it and Unblock the Notifications