തങ്ങള്‍ 'യൂസ് ആന്റ് ത്രോ ചെരുപ്പുകളാണോ' എന്ന് സിദ്ധരാമയ്യയോട് അംബരീഷ്
ബെംഗളുരു: ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയാന്‍ തങ്ങള്‍ ചെരിപ്പുകളാണോ എന്ന് നടനും മുന്‍ മന്ത്രിയുമായ അംബരീഷ് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് . മന്ത്രിസഭാ പുനസംഘനടയുടെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യ 14 മന്ത്രിമാരെ
പുറത്താക്കിയ സാഹചര്യത്തിലാണ് അംബരീഷ് ഇങ്ങനെ പ്രതികരിച്ചത്. അംബരീഷ് ഉള്‍പ്പെടെ കോണ്‍ഗ്രസ്സിലെ പല മുതിര്‍ന്ന നേതാക്കളും പുറത്താക്കിയവരില്‍ ഉള്‍പ്പെടും. 13 പേര്‍ക്ക് മുഖ്യമന്ത്രി പുതുതായി മന്ത്രിസഭയിലിടം നല്‍കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് അംബരീഷ് എംഎല്‍എ സ്ഥാനം രാജി വെച്ചത്. സിദ്ധരാമയ്യ ഹിറ്റ്‌ലറിന്റെ നയങ്ങളാണോ പിന്തുടരുന്നതെന്നു ചോദിച്ച അംബരീഷ് മന്ത്രിസ്ഥാനത്തും നിന്നും പുറത്താക്കുന്ന വിവരം തന്നെ അറിയിച്ചിരുന്നില്ലെന്നും ആരോപിച്ചു. മറ്റുള്ളവര്‍ക്കായി വഴിമാറണമെന്ന് മാന്യതയോടെ അറിയിച്ചിരുന്നെങ്കില്‍ താന്‍ സന്തോഷത്തോടെ വഴിമാറി കൊടുക്കുമായിരുന്നെന്നും അംബരീഷ് വ്യക്തമാക്കി.

താന്‍ പൊതുജീവിതത്തില്‍ ആദരിക്കപ്പെടുന്ന വ്യക്തിയാണെന്നും താന്‍ ഒരിക്കലും അധികാരത്തിനു വേണ്ടി നിലകൊണ്ടിരുന്നില്ലെന്നും അംബരീഷ് പറഞ്ഞു. അംബരീഷുള്‍പ്പെടെ പുറത്താക്കപ്പെട്ട ഏഴു മന്ത്രിമാര്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. പ്രവര്‍ത്തന മികവില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി മന്ത്രിമാരെ പുറത്താക്കിയത്. പുതുതായി മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നവരുടെയും പുറത്താക്കിയവരുടെയും അനുയായികള്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു












Click it and Unblock the Notifications