അരിക്കൊമ്പന്‍ ദൗത്യം; രണ്ട് കുങ്കിയാനകള്‍ തേനിയില്‍, ആന ചുരുളി വെള്ളച്ചാട്ടത്തിന് സമീപം
കമ്പം: കമ്പത്ത് പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ തളയ്ക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ ദൗത്യം ആരംഭിച്ചു. ഇതിനായി രണ്ട് കുങ്കിയാനകളെ തേനിയില്‍ എത്തിച്ചു. മുത്തു എന്ന അരിരാജ, സ്വയംഭൂ എന്നീ പേരുള്ള കുങ്കിയാനകളാണ് എത്തിയിരിക്കുന്നത്. ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് അരിക്കൊമ്പനുള്ളത്. തമിഴ്‌നാടിന്റെ ദൗത്യ സംഘം ഇവിടേക്ക് എത്തുന്നുണ്ടെന്നാണ് വിവരം. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിച്ചെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അരിക്കൊമ്പനെ ട്രാക്ക് ചെയ്യാനുള്ള ശ്രമം ദൗത്യ സംഘം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ അരിക്കൊമ്പന്‍ സുരുളിപ്പെട്ടിയില്‍ ഗേറ്റ് തര്‍ത്തിരുന്നു. ഇപ്പോള്‍ ആന നില്‍ക്കുന്ന സ്ഥലത്തേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് ആനയെ മയക്കുവെടി വയ്ക്കണമെന്നാണ് ആവശ്യപ്പെട്ട് ഒരു ഭാഗത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്.
അരിക്കൊമ്പന്‍ ദൗത്യത്തെ തുടര്‍ന്ന് കമ്പം ബൈപ്പാസിനുള്ള ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈപ്പാസിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ഇന്നലെ ബൈപ്പാസിന് സമീപത്താണ് ആനയുണ്ടായിരുന്നത്. അതേസമയം, ദൗത്യത്തിനായുള്ള മൂന്ന് കുങ്കിയാനകളിൽ ഒന്നിനെ കമ്പത്ത് എത്തിച്ചിട്ടുണ്ട്.
ജനവാസ മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടത്തിയതോടെ ഇന്നലെയാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്. അരിക്കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്‌നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.
കഴിഞ്ഞ ദിവസം രാവിലെയാണ് അരിക്കൊമ്പന്‍ കമ്പം ടൗണില്‍ ഇറങ്ങി ഭീതി സൃഷ്ടിച്ചത്. വലിയ നാശനഷ്ടങ്ങളാണ് അരിക്കൊമ്പന്‍ വരുത്തിവച്ചത്. ജനങ്ങളെ വിരട്ടിയോടിച്ച ആന ബൈക്കുകളും ഓട്ടോകളും തകര്‍ത്തിരുന്നു. ഓട്ടോയിലുണ്ടായിരുന്ന യുവാവിന് പരിക്കേറ്റിട്ടുണ്ട്. റോഡുകളിലൂടെ അരിക്കൊമ്പന്‍ ജനങ്ങളെ ഓടിക്കുന്ന വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അരിക്കൊമ്പന്റെ പരാക്രമം ജനത്തെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനമെടുത്തത്. ഇതാദ്യമായല്ല തമിഴ്നാട്ടില്‍ അരിക്കൊമ്പന്‍ പരാക്രമം കാണിക്കുന്നത്. നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ ബസിന് നേരെ അരിക്കൊമ്പന്‍ പാഞ്ഞടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ 28 ദിവസത്തിന് ശേഷമാണ് ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ മാസം 29ന് ആണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കൊണ്ടുവിട്ടത്. ആദ്യ ദിവസം ഇറക്കിവിട്ട സ്ഥലത്ത് തുടര്‍ന്ന ആന പിന്നീട് ഉള്‍വനത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.












Click it and Unblock the Notifications