ഇന്ത്യയില്‍ മോദി പുടിന് കൂടിക്കാഴ്ച: ഇന്ത്യ-റഷ്യ ആയുധകരാറില്‍ വിറളി പിടിച്ച് ട്രംപ്, താക്കീത്!
ദില്ലി: ഇന്ത്യാ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് എത്തിയതിന് പിന്നാലെ രാജ്യത്തിന് താക്കീതുമായി അമേരിക്ക. റഷ്യയുമായി ആയുധ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഉപരോധം ഏര്‍പ്പെടുമെന്നാണ് ഇന്ത്യയ്ക്ക് അമേരിക്ക നല്‍കിയിട്ടുള്ള താക്കീത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ 5ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. അനൗദ്യോഗിക കൂടിക്കാഴ്ചക്കായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്യാഴാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചകള്‍ നടത്തും.
2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലാണ് റഷ്യയ്ക്കെതിരെ തിരിയാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. ഇതിന് പുറമേ പ്രശ്നങ്ങളില്‍ റഷ്യ സ്വീകരിച്ച നിലപാടുകളും യുഎസിന്റെ റഷ്യന്‍ വിരുദ്ധ നിലപാടുകള്‍ക്ക് കോപ്പ് കൂട്ടിയിട്ടുണ്ട്. ഇതാണ് റഷ്യയുമായി ഇന്ത്യ ഒപ്പുവയ്ക്കാനിരിക്കുന്ന മിസൈല്‍ കൈമാറ്റ കരാറിന് തടയിടാന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് എസ്- 400 മിസൈലുകള്‍ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച കരാര്‍ പുടിന് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഒപ്പുവെക്കുമെന്നും സൂചനകളുണ്ട്. റഷ്യയുമായി ഇന്ത്യയ്ക്ക് ഏറെക്കാലമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആയുധവ്യാപാരത്തിന് ധാരണയിലെത്തിയിരുന്നു.

സിഎഎടിഎസ്എയില്‍ കുരുക്ക്!
കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേഴ്സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട് പ്രകാരം ഇന്ത്യയ്ക്ക് പരോക്ഷ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് നീക്കം. സിഎഎടിഎസ്എയിലെ 231ാം വകുപ്പ് പ്രകാരമായിരിക്കും ഉപരോധമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ചൂണ്ടിക്കാണിക്കുന്നത്. റഷ്യയ്ക്ക് സിഎഎടിഎസ്എ നിയമം പ്രകാരം ഉപരോധം ഏര്‍പ്പെടുത്താന്‍ എല്ലാ സഖ്യരാജ്യങ്ങളോടും ആവശ്യപ്പെടുമെന്നും യുഎസ് മുന്നറിയിപ്പ് നല്കുന്നു.

ചൈനീസ് ഏജന്‍സിക്ക് ഉപരോധം
സെപ്തംബര്‍ 21നാണ് ട്രംപ് ഭരണകൂടം റഷ്യയില്‍ നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. സിഎഎടിഎസ്എ കീഴില്‍ ആദ്യം രണ്ടാം ഘട്ട ഉപരോധം ഏര്‍പ്പെടുത്തുന്നത് ചൈനീസ് സൈനിക സ്ഥാപനത്തിനാണ്. നേരത്തെ 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ചും ഉക്രൈനില്‍ ആധിപത്യം സ്ഥാപിച്ചുവെന്ന് ആരോപിച്ചും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് സമാന രീതിയിലുള്ള വ്യോമ പ്രതിരോധ സംവിധാനം വാങ്ങാനിരിക്കെയാണ് അമേരിക്കന്‍ ഭരണകൂടം താക്കീതുമായി രംഗത്തെത്തുന്നത്. ഇന്ത്യ റഷ്യയുമായുള്ള പ്രതിരോധ കരാറുമായി മുന്നോട്ട് പോയാല്‍ നടപടി ഭയക്കേണ്ടതുണ്ടെന്ന സൂചന നേരത്തെ തന്നെ അമേരിക്ക നല്‍കിയിരുന്നു.

ചൈനക്ക് തിരിച്ചടി
ഉപരോധം ചൈനീസ് മിലിട്ടറി കമ്മീഷന്റെ ഭാഗമായ ചൈനീസ് ഏജന്‍സി എക്വിപ്മെന്റ് ഡവലപ്പ്പമെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചൈനീസ് സൈന്യത്തിന് പ്രതിരോധ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഏജന്‍സിയാണ് എക്വിപ്മെന്റ് ഡവലപ്പ്പമെന്റ് ഡിപ്പാര്‍ട്ട്മെന്റ്. ചൈനയുടെ സൈനിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ ചുമതലകളും ഇതേ ഏജന്‍സിക്കാണ്. ചൈനീസ് സൈന്യത്തെ ലക്ഷ്യം വെച്ചല്ല മറിച്ച് റഷ്യയെ മാത്രം ലക്ഷ്യം വെച്ചാണ് ഉപരോധമെന്നാണ് യുഎസ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്

അമേരിക്കന്‍ തന്ത്രം!!
ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള 80 ശതമാനം ആയുധങ്ങളും ശീതയുദ്ധകാലത്ത് സോവിയറ്റ് റഷ്യയില്‍ നിന്ന് വാങ്ങിയവയാണ്. ലോകത്തിലെ മുന്‍നിര ആയുധ നിര്‍മാതാക്കാളായ അമേരിക്ക കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 15 ബില്യണ്‍ ഡോളറിന്റെ ആയുധക്കൈമാറ്റമാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള പഴയ മിഗ് വിമാനങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന വാഗ്ദാനം ഇന്ത്യയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ റഷ്യയുമായുള്ള ആയുധ കരാര്‍ തുടരാനാണ് നീക്കമെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിട്ടുണ്ട്.