'ഭാര്യയെ 120 പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു, സഹായിക്കണം', പോലീസിനോട് അപേക്ഷയുമായി സൈനികന്‍
ചെന്നൈ: ഭാര്യയെ ക്രൂരമായി മര്‍ദിച്ചെന്ന് വെളിപ്പെടുത്തി തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികന്‍. തന്റെ ഭാര്യയെ അര്‍ധ നഗ്നയാക്കിയ ശേഷം 120 പേരില്‍ അധികം ചേര്‍ന്ന് മര്‍ദിച്ചുവെന്ന് ഇയാള്‍ വെളിപ്പെടുത്തുന്നത്. ട്വിറ്ററിലൂടെ ഇയാള്‍ ഞെട്ടിച്ച വിവരങ്ങള്‍ പങ്കുവെച്ചത്.
പോലീസില്‍ നിന്നും തമിഴ്‌നാട് സര്‍ക്കാരില്‍ നിന്നും ഇയാള്‍ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. സൈനിക ഓഫീസറായ ലെഫ്. കേണല്‍ ത്യാഗരാജന്‍ എന്നയാളാണ് ഇയാളുടെ വീഡിയോ പങ്കുവെച്ചത്.

ഹവില്‍ദാര്‍ പ്രഭാകരന്‍ എന്നയാളാണ് വീഡിയോയില്‍ ഉള്ളത്. ഇയാള്‍ തമിഴ്‌നാട്ടിലെ പടവേട് ഗ്രാമത്തിലെ താമസക്കാരനാണ്. കശ്മീരാണ് ഇയാള്‍ ഇപ്പോഴുള്ളത്.
അതേസമയം സംഭവം വലിയ വിവാദമായിരിക്കുകയാണ്. ബിജെപി നേതാക്കള്‍ അടക്കം ഇടപെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഒരു കട നടത്തുന്ന തന്റെ ഭാര്യയെ കുറേയാളുകള്‍ ചേര്‍ന്ന്, ക്രൂരമായി മര്‍ദിച്ചു. അവര്‍ ഭാര്യയുടെ വസ്ത്രമെല്ലാം വലിച്ചുകീറിയ ശേഷമാണ് മര്‍ദിച്ചത്.
തിരുവണ്ണാമലൈയിലുള്ള ഭാര്യയുടെ കട ഇവര്‍ തകര്‍ത്തതായും പ്രഭാകരന്‍ വീഡിയോയില്‍ പറഞ്ഞു. താന്‍ എസ്പിക്ക് പരാതി നല്‍കിയതായും, എസ്പി നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതായും ഹവില്‍ദാര്‍ പറയുന്നു.
എന്നാല്‍ ഇതുവരെയും നടപടികളൊന്നും എടുത്തില്ലെന്നാണ് ഇയാള്‍ പറയുന്നത്. 'കടയിലെ സാധനങ്ങളെല്ലാം അവര്‍ പുറത്തേക്ക് എറിഞ്ഞു. പരാതി നല്‍കിയതാണ്. ഡിജിപി സര്‍, ദയവായി സഹായിക്കൂ' എന്നും പ്രഭാകരന്‍ വീഡിയോയില്‍ പറയുന്നു.
തന്റെ കുടുംബത്തിനെതിരെ അക്രമികള്‍ കത്തിവീശിയാണ് ഭീഷണിപ്പെടുത്തിയത്. ഭാര്യയെ അടക്കം ആക്രമിച്ചുവെന്നും പ്രഭാകരന്‍ പറഞ്ഞു. അതേസമയ കന്ധവാസല്‍ പോലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. അതേസമയം അതിശയോക്തി കലര്‍ന്നതാണ് സംഭവത്തിലെ വിവരങ്ങള്‍ എന്നാണ് പോലീസ് അവകാശപ്പെടുന്നത്.
ജവാന്റെ ഭാര്യയും, കുറച്ചാളുകളും തമ്മില്‍ വസ്തു തര്‍ക്കമുണ്ടായിരുന്നു. രേണുകാമ്പാല്‍ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് സൈനികന്റെ ഭാര്യ കട നടത്തുന്നത്. ഈ ഭൂമി കൈമാറുന്നതിനായി ഇവര്‍ തമ്മില്‍ പണമിടപാടും നടന്നിരുന്നു. ഫെബ്രുവരിയിലാണ് ഈ ഭൂമി സൈനികന്റെ ഭാര്യയില്‍ നിന്ന് വാങ്ങി, രേഖകള്‍ ഒപ്പിട്ടത്.
എന്നാല്‍ ഈ സൈനികന്റെ ഭാര്യയും, കുടുംബവും, ഈ ഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോകുന്നില്ല. ഇതേ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. യുവതി ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
അതേസമയം പോലീസിന്റെ വാദങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സൈനികന്റെ ഭാര്യ ഇപ്പോള്‍ ആശുപത്രിയിലാണ്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ സൈനികനുമായി സംസാരിച്ചെന്ന് സ്ഥിരീകരിച്ചു. 'ഇത്തരമൊരു കാര്യം നടക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെ കാണാനായി ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.
വെല്ലൂരിലെ ആശുപത്രിയിലാണ് ഇവരുള്ളതെന്നും' അണ്ണാമലൈ പറഞ്ഞു. സൈനികന്റെ ഭാര്യയും പ്രതികരണവുമായി രംഗത്ത് വന്നു. തന്നെ നാല്‍പ്പത് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയെന്നും' യുവതി പറഞ്ഞു. എന്നാല്‍ 120 പേര്‍ ആക്രമിച്ചെന്ന വാദങ്ങളെ തള്ളുന്നതാണ് യുവതിയുടെ പരാമര്‍ശം.












Click it and Unblock the Notifications