കാശ്മീരിലെ പ്രധാനപ്പെട്ട 11 തീവ്രവാദികളുടെ പട്ടിക സൈന്യം പുറത്തുവിട്ടു
ശ്രീനഗര്‍: കാശ്മീരില്‍ വിധ്വംസക പ്രവര്‍ത്തനം വീണ്ടും സജീവമായിരിക്കെ പ്രധാനപ്പെട്ട 11 തീവ്രവാദികളുടെ പട്ടിക സൈന്യം പുറത്തുവിട്ടു. ഹിസ്്ബുള് മുജാഹിദ് തീവ്രവാദി സബ്സര്‍ അഹമ്മദിനെ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് തീവ്രവാദികളുടെ പട്ടിക പുറത്തുവിട്ടത്. സൈന്യം ഇവരെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്.
കാശ്മീരില്‍ വിദേശി സ്വദേശി തീവ്രവാദികള്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്കര്‍ ഇ തൊയ്ബ തുടങ്ങിയ തീവ്രവാദ സംഘങ്ങളാണ് കാശ്മീരില്‍ സജീവമായുള്ളത്. താഴ്വരയില് ആക്രമണം പതിവായതോടെ പോലീസും സൈന്യവും നിരന്തരമായ പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് അക്രമങ്ങള്‍ നേതൃത്വം നല്കുന്ന തീവ്രവാദികളുടെ പേരുവിവരങ്ങളും പുറത്തുവിട്ടത്. എ മൈനസ്, എ പ്ലസ് പ്ലസ് എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായിട്ടാണ് തീവ്രവാദികള്‍. റിയാസ് നായിക്കൂ, യാസിന് ഇറ്റൂ, അബു ദുജാനെ എന്നിങ്ങനെ മൂന്നുപേര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്. കാശ്മീരില്‍ ഏകദേശം 200 തീവ്രവാദികളുണ്ടെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ഇവരില്‍ 110പേരും പ്രദേശവാസികളാണ്. സൗത്ത് കാശ്മീരില്‍ നിന്നുള്ളവരാണ് 99 പേരുമെന്നും സൈന്യം പുറത്തുവിട്ട വിവരങ്ങളിലുണ്ട്.