മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി: അന്വേഷണം ആരംഭിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ ഇന്ത്യന്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സെർട്ടോ തങ്താങ് കോം എന്ന പട്ടാളക്കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ഞായറാഴ്ചയാണ് പട്ടാളക്കാരന്റെ മൃതദേഹം വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ഗ്രാമത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ചെറിയ ഗോത്രവർഗ സമൂഹമായ "കോം" വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയാണ് സെർട്ടോ തങ്താങ് കോം. മെയ്തികളും കുക്കികളും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമല്ല, ഈ കൊലപാതകമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാങ്‌പോപിയിലെ മലയോര ജില്ലയായ ലെയ്‌മഖോങ്ങിൽ ആർമിയുടെ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിൽ (ഡിഎസ്‌സി) സേവനമനുഷ്ഠിക്കുകയായിരുന്ന സെർട്ടോ തങ്താങ് കോം അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

ആർമിയുടെ അസം റെജിമെന്റിൽ നിന്ന് വിആർഎസ് എടുത്ത ശേഷമാണ് അദ്ദേഹം ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സിൽ ചേരുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ നെയ്‌കൈലോംഗിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയെ മൂന്ന് അജ്ഞാതരായ ആയുധധാരികള്‍ സെർട്ടോ തങ്താങ് കോമിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ഏക ദൃക്സാക്ഷിയായ അദ്ദേഹത്തിന്റെ മകന്‍ പറയുന്നത്.
തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പട്ടാളക്കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഞായറാഴ്ച രാവിലെ 9.30 ഓടെ മൃതദേഹം കണ്ടെത്തുന്നതുവരെ സൈനികനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തലക്ക് വെടിയേറ്റ നിലയിലായിരുന്നു ശരീരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
സൈന്യം കൊലപാതകത്തെ അപലപിക്കുകയും ദുഃഖിതരായ കുടുംബത്തെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കാൻ ഒരു സംഘത്തെ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 'അക്രമികളുടെ കൈകളാല്‍ അന്ത്യശ്വാസം വലിച്ച ധീരനായ സൈനികന് ഭാര്യയും മകളും മകനും ഉണ്ട്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമായിരിക്കും അന്ത്യകർമങ്ങൾ നടത്തുക' സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications