280 തവണ മാപ്പ് പറഞ്ഞ് അർണബ്, സവർക്കറുടെ റെക്കോർഡ് അർണബ് തകർത്തെന്ന് സോഷ്യൽ മീഡിയ
ദില്ലി: വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ഭാരത് ഹിന്ദി വാര്‍ത്താ ചാനലിന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റര്‍ ഓഫ്കോം വന്‍ തുക പിഴ ചുമത്തിയിരിക്കുകയാണ്. 20 ലക്ഷത്തോളം രൂപയാണ് പിഴയൊടുക്കേണ്ടത്.
പിഴ ഒഴിവാക്കാന്‍ ക്ഷമ പറഞ്ഞുകൊണ്ട് അര്‍ണബ് ഗോസ്വാമി ഓഫ്കോമിന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അര്‍ണബിന്റെ മാപ്പ് പറച്ചില് സവര്‍ക്കറുടെ റെക്കോര്‍ഡ് ഭേദിച്ചതായാണ് പരിഹാസം. വിശദാംശങ്ങള്‍ ഇങ്ങനെ

പൂച്ച്താ ഹെ ഭാരത്
2019 സെപ്റ്റംബറില്‍ റിപ്പബ്ലിക് ചാനല്‍ സംപ്രേഷണം ചെയ്ത പൂച്ച്താ ഹെ ഭാരത് എന്ന പരിപാടിയില്‍ അവതാരകനായ അര്‍ണബ് ഗോസ്വാമിയുടെ വാക്കുകള്‍ പ്രക്ഷേപണ ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് യുകെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ കണ്ടെത്തിയത്. അര്‍ണബ് ഗോസ്വാമി വിദ്വേഷ പരാമര്‍ശങ്ങളും മതവിഭാഗങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ അധിക്ഷേപം ഉന്നയിച്ചു എന്നും ആണ് യുകെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ കണ്ടെത്തിയതും പിഴ ചുമത്തിയതും.

ചാനലിന് 20 ലക്ഷം രൂപയോളം പിഴ
ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 വിക്ഷേപണത്തോട് അനുബന്ധിച്ചായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ പ്രസ്തുത പരിപാടി. പാകിസ്താനിലെ ജനങ്ങളെല്ലാം തീവ്രവാദികളാണെന്നാണ് അര്‍ണബ് പറഞ്ഞത്. പാകിസ്താനിലെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും കൂട്ടികള്‍ വരെയും തീവ്രവാദികളാണ് എന്ന് അര്‍ണബ് പറഞ്ഞു. ഇതോടെയാണ് ചാനലിന് 20 ലക്ഷം രൂപയോളം പിഴ വിധിച്ചിരിക്കുന്നത്.

അര്‍ണബ് ഗോസ്വാമിയുടെ മാപ്പ്
ചാനല്‍ മാപ്പ് പറയണമെന്നും ഈ മാപ്പ് സംപ്രേഷണം ചെയ്യണം എന്നും യുകെ കമ്മ്യൂണിക്കേഷന്‍ റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരുന്നു. ക്ഷമ അഭ്യര്‍ത്ഥിച്ച് കൊണ്ടുളള ചാനലിന്റെ കത്താണ് പുറത്തായിരിക്കുന്നത്. ഇംഗ്ലണ്ടിലെ മീഡിയ വാച്ച് ഡോഗായ ഓഫ് കോം തങ്ങളുടെ റിപ്പോര്‍ട്ടിലാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് മീഡിയ നെറ്റ്വർക്കിന്റ മാപ്പ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.

280 തവണ മാപ്പ്
വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ 280 തവണയാണ് ചാനല്‍ മാപ്പ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ഫെബ്രുവരി 26നും 2020 ഏപ്രില്‍ 9നും ഇടയിലായാണ് തങ്ങളുടെ ക്ഷമാപണം റിപ്പബ്ലിക്ക് ചാനല്‍ പരിപാടികള്ക്കിടയിലായി സംപ്രേഷണം ചെയ്തത്. ഹിന്ദിയിലും ഇംഗ്ലീഷിലും മാപ്പപേക്ഷ സംപ്രേഷണം ചെയ്തു. ആദ്യമായാണ് തങ്ങള്‍ പ്രക്ഷേപണ ചട്ടം ലംഘിക്കുന്നത് എന്നും അത് മനപ്പൂര്‍വ്വം അല്ലെന്നും ചാനല്‍ പറയുന്നു.

അര്‍ണബിന് ട്രോള്‍ പൂരം
ചാനലിന്റെ നടപടി മൂലം പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടുളള ബുദ്ധിമുട്ടുകള്‍ക്ക് ഓഫ് കോമിനോട് ക്ഷമ ചോദിക്കുന്നതായും ചാനല്‍ പറഞ്ഞു. പൂച്ച്തോ ഭാരത് പരിപാടിയിലെ പരാമര്‍ശങ്ങള്‍ ഏതെങ്കിലും മതത്തെയോ വ്യക്തിയേയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ചാനല്‍ വ്യക്തമാക്കി. മാപ്പപേക്ഷ പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ അര്‍ണബിന് ട്രോള്‍ പൂരമാണ്.

സവർക്കറെ തോൽപ്പിച്ചു
സ്വാതന്ത്ര സമരകാലത്ത് ആന്തമാനില്‍ തടവ് ശിക്ഷ അനുഭവിച്ച ഹിന്ദുത്വ നേതാവ് വിഡി സവര്ക്കറുമായിട്ടാണ് അര്‍ണബ് ഗോസ്വാമിയെ സോഷ്യല്‍ മീഡിയ താരമത്യം ചെയ്യുന്നത്. 1924ല്‍ സവര്‍ക്ക് ജയില്‍ മോചിതനായത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയാണ്. 6 തവണയാണ് സവര്‍ക്കര്‍ മാപ്പ് എഴുതിയത്. ഇവിടെ അര്‍ണബ് ഗോസ്വാമി സവര്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.