വൈറ്റ് ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി ആത്മഹത്യ ചെയ്തു, രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം തീകൊളുത്തി ഇന്ത്യക്കാരൻ ആത്മഹത്യ ചെയ്തു. 33 കാരനായ അർണവ് ഗുപ്തയാണ് മരിച്ചത്. വൈറ്റ് ഹൈസിന് സമീപം എലിപ്സിൽ വെച്ചായിരുന്നു അർണവ് തീകൊളുത്തിയത്. വിനോദ സഞ്ചാരികൾ ധാരാളമായി വന്നുപോകുന്ന സ്ഥലമാണിത്.
ബുധനാഴ്ട ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അർണവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. അതേ സമയം അർണവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ മോൺഗോമെറി പോലീസിൽ പരാതി നൽകിയിരുന്നു.

ബുധനാഴ്ച രാവിലെ 9 മണിക്കാണ് മാതാപിതാക്കൾ അവസാനമായി അർണവിനെ കാണുന്നത്. വൈറ്റ് ഹൗസിൽ നിന്നും 10 മൈൽ അകലെ സിൻഡി ലൈനിലാണ് അർണവും കുടുംബവും താമസിച്ചിരുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അർണവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നഗരത്തിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. അർണവ് ആത്മഹത്യ ചെയ്തതിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
രണ്ട് മാസത്തിനുള്ളിൽ വൈറ്റ് ഹൗസ് പരിസരത്ത് നടന്ന രണ്ടാമത്തെ ആത്മഹത്യാ ശ്രമമാണ് അർണവിന്റേത്, കഴിഞ്ഞ മാസം വൈറ്റ് ഹൗസിന് മുമ്പിൽ നിന്നും യുവാവ് സ്വന്തം ജാക്കറ്റിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായ പരുക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications