പന്ത്രണ്ടാം ക്ലാസിലെ ഒന്നാം റാങ്കുകാരന്‍ പത്താംക്ലാസ് പരീക്ഷയെഴുതിയത് വ്യത്യസ്ത പേരുകളില്‍
പറ്റ്‌ന: ബിഹാറിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പന്ത്രണ്ടാംക്ലാസില്‍ ഒന്നാം റാങ്ക് ലഭിച്ച നാല്‍പത്തിമൂന്നുകാരന്‍ പത്താംക്ലാസിലും തട്ടിപ്പു നടത്തിയതായി അധികൃതര്‍ കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ ഗണേഷ് കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങള്‍ ലഭിച്ചത്.
ഹ്യുമാനിറ്റീസില്‍ 82.6 ശതമാനം മാര്‍ക്കുനേടിയാണ് ഗണേഷ് കുമാര്‍ ഒന്നാം റാങ്കുനേടിയത്. എന്നാല്‍, ഇയാള്‍ക്ക് തന്റെ വിഷയങ്ങളില്‍ പ്രാഥമിക അറിവുകള്‍പോലും ഇല്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഗണേഷ് റാം എന്ന പേരില്‍ ഇയാള്‍ 1990ല്‍ പത്താംക്ലാസ് പരീക്ഷയെഴുതിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.

ബിഹാര്‍ വിഭജിക്കും മുന്‍പായിരുന്നു ഇത്. 1975 ആയിരുന്നു അന്ന് ജനനത്തീയതി ആയി നല്‍കിയിരുന്നത്. 1992ല്‍ ജാര്‍ഖണ്ഡില്‍ പന്ത്രണ്ടാം ക്ലാസ് പഠനവും ആരംഭിച്ചു. അടുത്തിടെ വീണ്ടും വയസില്‍ കൃത്രിമം കാട്ടി പ്ലസ് ടു എഴുതിയത് ജോലി ലഭിക്കാന്‍ വേണ്ടിയായിരുന്നെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്.
തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് ബിഹാറിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലത്തില്‍ വന്‍ തട്ടിപ്പ് അരങ്ങേറുന്നത്. പണം നല്‍കിയാല്‍ ആര്‍ക്കും റാങ്ക് നേടാമെന്ന അവസ്ഥയിലാണ് ബിഹാറിലെ പരീക്ഷാ നടത്തിപ്പ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ പരീക്ഷകളില്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മികവ് പ്രകടിപ്പിക്കുന്നത്.












Click it and Unblock the Notifications