Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാം ആക്രമണത്തിന് മുമ്പ് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു; ചൈനയിലേക്കും പോയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്രയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടുമുന്‍പ് ജ്യോതി പാകിസ്ഥാനും ചൈനയും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഹരിയാനയിലെ ഹിസാര്‍ പൊലീസ് സൂപ്രണ്ട് (എസ്പി) ശശാങ്ക് കുമാര്‍ സാവന്‍ വെളിപ്പെടുത്തി.

ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങളില്‍ സ്വാധീനമുള്ളവരെ പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ സജീവമായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്പി സാവന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്ര ഏജന്‍സികളാണ് ഹരിയാന പൊലീസിനെ അറിയിച്ചത്. നിലവില്‍ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര.

Jyoti Malhotra

'കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ഹരിയാന പൊലീസ് ജ്യോതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജ്യോതിയുടെ വരുമാന സ്രോതസുകള്‍ കണ്ടെത്താന്‍ സാമ്പത്തിക ഇടപാടുകളും യാത്രാ ചരിത്രവും വിശകലനം ചെയ്യുകയാണെന്നും എസ്പി സാവന്‍ പറഞ്ഞു. അവര്‍ക്ക് സാധാരണ നിലയില്‍ ലഭിക്കുന്ന വരുമാനം വിദേശ യാത്രകള്‍ക്ക് പര്യാപ്തമല്ല. കാരണം അവര്‍ ഒരു ട്രാവല്‍ വ്‌ളോഗര്‍ മാത്രമാണ്. ബാഹ്യമായ ഫണ്ടിങ് ജ്യോതിക്കു ലഭിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും സെന്‍സിറ്റീവായ പ്രതിരോധ വിവരങ്ങളിലേക്ക് ജ്യോതിക്ക് നേരിട്ട് പ്രവേശനമില്ലായിരുന്നുവെങ്കിലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ കാലഘട്ടത്തില്‍ പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി അവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇന്ത്യ, പേഴ്സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫീസര്‍മാരുമായി ജ്യോതി മല്‍ഹോത്ര നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും എസ്പി സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചാണ് ജ്യോതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ് ജ്യോതി. 33 വയസുകാരിയായ ജ്യോതിക്ക് 3.77 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലുണ്ട്. 1.32 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമുണ്ട്.

ഹരിയാന പൊലീസാണ് ജ്യോതിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാട്‌സ്ആപ്, ടെലഗ്രാം, സ്‌നാപ്ചാറ്റ് എന്നീ മെസേജിങ് ആപ്പുകള്‍ വഴി പാകിസ്ഥാനി ഇന്റലിജന്‍സ് ഓഫിസര്‍മാരുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തല്‍. പാക് ഓഫിസര്‍മാരുടെ പേര് തെറ്റായ രീതിയില്‍ സേവ് ചെയ്താണ് അവര്‍ വിവരങ്ങള്‍ കൈമാറിയത്.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന ഡാനിഷ് എന്നയാള്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഇതിനകം മൂന്നു തവണ യുവതി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും യുവതി പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പാകിസ്ഥാനെക്കുറിച്ച് നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ദൗത്യവും പാക് ഏജന്‍സികള്‍ ജ്യോതിയെ ഏല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ജ്യോതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് സംഭവിച്ചതെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് എസ്പി സാവന്‍ പറഞ്ഞു. പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ അവര്‍ അവിടുത്തെ നിരവധി ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ജ്യോതിയുടെ വിപുലമായ ബന്ധങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളും പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

പാകിസ്ഥാനെതിരേയുള്ള സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, നിരവധി ജില്ലകളില്‍ ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഹരിയാന പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ശത്രുജീത് കപൂര്‍ സിര്‍സയും സ്ഥിരീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+