'ആർട്ട് ഓഫ് എലിമിനേഷൻ...': അസാധാരണമായ 8 കാര്യങ്ങൾ, ആതിഖ് കൊലയിൽ ചോദ്യവുമായി കപിൽ സിബൽ
ഗുണ്ടാനേതാവും സമാജ്‌വാദി പാര്‍ട്ടി മുന്‍ എം പിയുമായ ആത്തിഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ നിരീക്ഷണങ്ങളും സംശയങ്ങളും പങ്കുവെച്ച് കപിൽ സിബൽ. അസാധാരണമായ നടപടികൾ എന്ന് ചൂണ്ടിക്കാട്ടിയുള്ള എട്ട് കാര്യങ്ങളാണ് കപിൽ പങ്കുവെച്ചത്. രാത്രി വൈകിയുള്ള പരിശോധന,മൂന്ന് കൊലയാളികളിൽ ആരും രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്ന വസ്തുത അടക്കമുള്ള കാര്യങ്ങളാണ് ട്വീറ്റിൽ പങ്കിട്ടിരിക്കുന്നത്.

ആതിഖ് & അഷ്റഫ്
(ആർട്ട് ഓഫ് എലിമിനേഷൻ)
1. രാത്രി പത്ത് മണിയിലെ മെഡിക്കൽ ചെക്കപ്പ്
2) മെഡിക്കൽ എമർജൻസി ഇല്ല
3) ഇരകളെ നടക്കാൻ അനുവദിച്ചു
4) മാധ്യമങ്ങളെ അനുവദിച്ചു
5) സംഭവസ്ഥലത്ത് പരസ്പരം അറിയാത്ത കൊലയാളികൾ?
6) 7 ലക്ഷത്തിന് മുകളിലുള്ള ആയുധങ്ങൾ
7) ഷൂട്ട് ചെയ്യാൻ നല്ല പരിശീലനം!
8) 3 പേരും കീഴടങ്ങി', ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ആതിഖ് അഹമ്മദും അദ്ദേഹത്തിന്റെ സഹോദരൻ അഷറഫും കൊല്ലപ്പെട്ടത്. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകും വഴി പൊലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനു ഇടയിൽ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിഖിനെയായിരുന്നു. പിന്നീട് അഷ്റഫിനെയും വെടിവെച്ചു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. വെടിയുതിര്‍ത്ത മൂന്നുപേരും പോലീസിൽ കീഴടങ്ങിയിരുന്നു.
ആതിഖിന്റെ മകൻ ആസാദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആതിഖും കൊല്ലപ്പെട്ടത്. 2005ൽ ബി എസ് പി എം എൽ എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആതിഖ് അഹമ്മദ്. കേസിൽ ആതിഖിന് കോടതി ശിക്ഷവിധിച്ചിരുന്നു. കേസിൽ മുഖ്യസാക്ഷിയായ ഉമേഷ്‌പാലിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും ആതിഖ് പ്രതിയാണ്.
അതേസമയം ഏറ്റുമുട്ടൽ കൊലയിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്. ഏറ്റുമുട്ടൽ കൊലയാണ് നടന്നതെന്നും സംസ്ഥാനത്തെ യഥാർത്ഥ വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ ശ്രമമാണ് ഇതെന്നും എസ് പി തലവൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
അതേസമയം അതിഖിന്റേയും സഹോദരന്റേയും കൊലയോടെ യോഗിസർക്കാരിന്റെ ആറു വർഷ ഭരണത്തിനിടെ ഉത്തർപ്രദേശിൽ പോലീസ് ഏറ്റുമുട്ടലുകളിൽ മരിച്ച കുറ്റവാളികളുടെ എണ്ണം 183 ആയി.












Click it and Unblock the Notifications