ആര്‍ട്ടിക്കിള്‍ 370: ''കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് പ്രസക്തിയില്ല''; വാദം കേള്‍ക്കല്‍ ആഗസ്റ്റ് 2 ന്
ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 2 മുതല്‍ ആരംഭിക്കുമെന്ന് സുപ്രീംകോടതി. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിഷയം ഇന്ന് പരിഗണിച്ചത്. ഈ മാസം 27 നകം ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അതിന് ശേഷം വരുന്ന റിപ്പോര്‍ട്ടുകളൊന്നും കോടതി സ്വീകരിക്കില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിലെ ഭരണഘടനാ സാധുതയാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടോയെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചോദിച്ചു.
എന്നാല്‍ സത്യവാങ്മൂലം കൊണ്ട് ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുക എന്നാണ് ഉദ്ദേശിച്ചത് എന്ന് തുഷാര്‍ മേത്ത അറിയിച്ചു. ആഗസ്റ്റ് രണ്ട് മുതല്‍ തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം രേഖകളുടെ സമാഹാരം തയ്യാറാക്കുന്നതിനായി സുപ്രീം കോടതി രണ്ട് അഭിഭാഷകരെ നോഡല്‍ കൗണ്‍സലറായി നിയമിച്ചു.
നേരത്തെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ മുഴുവന്‍ പ്രദേശങ്ങളും ഇപ്പോള്‍ സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലാണെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 2019 ഓഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത്.
അതേസമയം 2020 മാര്‍ച്ച് രണ്ടിന് ശേഷം ഇതാദ്യമായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് 20 ഓളം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും കേന്ദ്ര തീരുമാനത്തിന് കശ്മീര്‍ ജനതയുടെ അനുമതിയില്ലെന്നുമാണ് ഹര്‍ജികളിലെ വാദം.












Click it and Unblock the Notifications