നരേന്ദ്രമോഡിക്ക് സുനന്ദ പുഷ്‌കറിന്റെ പിന്തുണ
ദില്ലി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നെതിരെ ബി ജെ പി നേതാവ് നരേന്ദ്രമോഡിക്ക് അപ്രതീക്ഷിതയായ ഒരു കൂട്ടാളി. 50 കോടിയുടെ കാമുകി എന്ന് മോഡി തന്നെ നേരത്തെ കളിയാക്കി വിട്ട സുനന്ദ പുഷ്‌കറാണ് കാശ്മീര്‍ വിഷയത്തില്‍ മോഡിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിലും ഓണ്‍ലൈന്‍ ലോകത്തും മോഡിയുടെ ബദ്ധശത്രുവായ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യയാണ് സുനന്ദ പുഷ്‌കര്‍.
ആര്‍ട്ടിക്കിള്‍ 370 ന്റെ കാര്യത്തില്‍ തീര്‍ച്ചയായും പുനര്‍വിചിന്തനം ആവശ്യമാണ്. ഈ ആര്‍ട്ടിക്കിള്‍ ശരിയല്ല. ഈ വകുപ്പ് കാരണം നിരവധി കാശ്മീരി സ്ത്രീകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. എന്റെ സുഹൃത്തുക്കള്‍ നേരിട്ട് വിളിച്ച് ഇത്തരം അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. കാശ്മീരിയല്ലാത്തവരെ വിവാഹം ചെയ്താല്‍ പിന്നെ അവരെ കാശ്മീരികളായി പരിഗണിക്കുന്നില്ല, അവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ ലഭിക്കുന്നില്ല - സുനന്ദ പറഞ്ഞു.

എന്നാല്‍ പുറത്തുള്ളവര്‍ കാശ്മീരി പുരുഷന്മാരെ വിവാഹം ചെയ്യുന്നതോടെ അവര്‍ കാശ്മീരികളായി മാറുന്നു. അവര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ ലഭിക്കുന്നു. അവരുടെ കുട്ടികള്‍ക്കും പ്രത്യേക ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്ന എല്ലാ ആനൂകൂല്യങ്ങളും കിട്ടുന്നു. കാശ്മീരി പണ്ഡിറ്റുകളെ അവരുടെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാനും നടപടികള്‍ വേണമെന്നും സുനന്ദ പുഷ്‌കര്‍ പറഞ്ഞു. ട്വിറ്ററിലും സുനന്ദ ഈ അഭിപ്രായം പറഞ്ഞിരുന്നു.
കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ലഘൂകരിക്കണമെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡി നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ സമ്മിശ്ര പ്രതികരണമാണ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഉണ്ടായത്. ഒന്നല്ല പത്ത് പ്രാവശ്യം പ്രധാനനമന്ത്രിയായാലും ആര്‍ട്ടിക്കിള്‍ 370 നെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് കേന്ദ്രമന്ത്രിയായ ഫറൂഖ് അബ്ദുള്ള ഇതിനോട് പ്രതികരിച്ചു. എന്നാല്‍ യു പി എയുടെ കേന്ദ്രമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് മറ്റൊരു കേന്ദ്രമന്ത്രിയായ ശശി തരൂരിന്റെ ഭാര്യയില്‍ നിന്നും ശബ്ദം ഉയര്‍ന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications