കെജ്രിവാള്‍ 10കോടി രൂപ അരുണ്‍ ജെയ്റ്റ്‌ലിക്ക് നല്‍കേണ്ടിവരുമോ?
ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പണി കിട്ടുമോ? ഇങ്ങനെ ചോദിക്കാനും കാരണമുണ്ട്. അരവിന്ദ് കെജ്രിവാളിനെതിരെ കഴിഞ്ഞ ദിവസമാണ് ജെയ്റ്റ്‌ലി മാനനഷ്ടത്തിന് കേസ് കൊടുത്തത്. കെജ്രിവാളിനെതിരായ കേസില്‍ ജെയ്റ്റ്‌ലി ദില്ലി പട്യാല കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു.
കെജ്രിവള്‍ തനിക്കും തന്റെ കുടുംബത്തിനുമെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തിയെന്നാണ് ജെയ്റ്റ്‌ലി കോടതിയില്‍ മൊഴി നല്‍കിയത്. തന്നെയും തന്റെ കുടുംബത്തെയും നാണം കെടുത്താന്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

ആംആദ്മി പാര്‍ട്ടി നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ തുടങ്ങിയവര്‍ക്കെതിരെയും അരുണ്‍ ജെയ്റ്റ്‌ലി പരാതി നല്‍കിയിട്ടുണ്ട്. ഇവരെ കൂടി പ്രതിചേര്‍ക്കണമെന്നാണ് ജെയ്റ്റ്‌ലിയുടെ ആവശ്യം. പത്തു കോടി രൂപയുടെ മാനനഷ്ടമാണ് ആംആദ്മിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്.
സിബിഐ റെയ്ഡുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് കെജ്രിവാള്‍ നടത്തുന്നതെന്നും ജെയ്റ്റ്‌ലി ആരോപിച്ചിരുന്നു. കെജ്രിവാളിന് മനോ വിഭ്രാന്തിയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചിരുന്നു.












Click it and Unblock the Notifications