'ഇത് സിസോദിയയുടെ സ്വപ്‌നമായിരുന്നു..'; പുതിയ സ്‌കൂളിന്റെ ഉദ്ഘാടനത്തിനിടെ വിതുമ്പി കെജ്രിവാള്‍, വീഡിയോ
ന്യൂഡല്‍ഹി: പുതിയ സ്‌കൂളിന്റെ ഉദ്ഘാടനത്തിനിടെ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഓര്‍ത്ത് കണ്ണീരണിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മനീഷ് സിസോദിയയുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ഈ സ്‌കൂള്‍ എന്ന് പറഞ്ഞ് കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ വിതുമ്പിയത്. ഡല്‍ഹി മദ്യനയക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ മനീഷ് സിസോദിയ ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ജയിലിലാണ്.
'മനീഷ് ജിയാണ് ഇത് ആരംഭിച്ചത്. എല്ലാ കുട്ടികള്‍ക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഡല്‍ഹിയില്‍ നല്ല സ്‌കൂളുകള്‍ നിര്‍മ്മിക്കുകയും കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്തതിനാലാണ് അദ്ദേഹത്തെ ജയിലിലടച്ചത്,' എന്നാണ് കണ്ണീരോടെ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. വേദിയില്‍ ബി ജെ പിക്കെതിരെ പരോക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

വിദ്യാഭ്യാസരംഗത്തെ ഡല്‍ഹിയുടെ വിപ്ലവം അവസാനിച്ചു എന്ന് ഉറപ്പാക്കാന്‍ ചില ആളുകള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ തങ്ങള്‍ അത് അനുവദിക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചും കള്ളക്കേസുകള്‍ നല്‍കിയും മനീഷ് സിസോദിയയെ പോലൊരു നല്ല മനുഷ്യനെ ജയിലില്‍ അടച്ചെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നിരവധി കൊള്ളക്കാര്‍ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് മനീഷ് സിസോദിയയെ ജയിലില്‍ അടച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നല്ല സ്‌കൂളുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നും ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് ജനങ്ങള്‍ നല്ല കാര്യങ്ങള്‍ പറയുമ്പോള്‍ വേദനിക്കുന്ന ചിലരുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ സിസോദിയ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ നമുക്ക് സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ഉടന്‍ പുറത്തിറങ്ങുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | Delhi CM Arvind Kejriwal gets emotional, as he remembers former education minister Manish Sisodia and his work in the area of education, at the inauguration of an educational institution pic.twitter.com/BDGSSbmpbq
— ANI (@ANI) June 7, 2023
സത്യത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ആളുകളെ ദൈവം സഹായിക്കും. മനീഷ് സിസോദിയ ജയില്‍ മോചിതനാകുന്നതുവരെ കുട്ടികള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ് എന്നും അരവിന്ദ് കെജ്രിവാള്‍ ഓര്‍മ്മിപ്പിച്ചു. അതേസമയം ഡല്‍ഹി മദ്യനയ കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന സിസോദിയയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
രോഗിയായ ഭാര്യയുടെ ഏക സംരക്ഷണക്കാരന്‍ എന്ന നിലയില്‍ തനിക്ക് ജാമ്യം അനുവദിക്കണം എന്ന് മനീഷ് സിസോദിയ പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മനീഷ് സിസോദിയ.












Click it and Unblock the Notifications