കെജ്രിവാള്‍ അഴിമതിക്കാരന്‍, ബിജെപിക്കൊപ്പം, ജയിലില്‍ പോകാതിരിക്കാനുള്ള ഗെയിമാണിതെന്ന് മാക്കന്‍
ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. പ്രതിപക്ഷ യോഗം മുതല്‍ ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അരവിന്ദ് കെജ്രിവാള്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നയാളാണെന്ന് അജയ് മാക്കന്‍ പറഞ്ഞു. എഎപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ഗുരുതര ആരോപണവുമായി മാക്കന്‍ രംഗത്തെത്തിയത്.
കെജ്രിവാള്‍ വന്നത് പ്രതിപക്ഷ യോഗത്തെ തന്നെ ദുര്‍ബലമാക്കാനാണ്. ഒരു വശത്ത് കെജ്രിവാള്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നു. മറുവശത്ത് രാജസ്ഥാനിലെത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരാമര്‍ശം നടത്തുന്നു. അവര്‍ക്ക് ശരിക്കും കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമാണോ അതോ ഞങ്ങളുമായുള്ള അകലത്തില്‍ നില്‍ക്കാനോ ആഗ്രഹിക്കുന്നതെന്നും മാക്കന്‍ ചോദിച്ചു.

എഎപിയുടെ വക്താവ് കോണ്‍ഗ്രസിനെതിരെ പറയുന്നത് പുതിയ കാര്യമല്ല. അവര്‍ പ്രതിപക്ഷ യോഗ ദിവസം പോലും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ബിജെപിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് കെജ്രിവാള്‍. ഇപ്പോള്‍ നടക്കുന്ന വാക്‌പോരിന് കാരണം, കെജ്രിവാളിന് ജയിലില്‍ പോകാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ്. അഴിമതിക്കാരനാണ് അദ്ദേഹം.
അതുകൊണ്ട് ജയിലില്‍ പോകാന്‍ സാധ്യതയേറെയാണ്. കെജ്രിവാളിന്റെ പാര്‍ട്ടിയിലെ തന്നെ രണ്ടുപേര്‍ ഇപ്പോഴും ജയിലിലാണ്. ബിജെപിയുമായി കെജ്രിവാള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സ്വന്തം വിശ്വസ്തരെ ജയിലില്‍ നിന്ന് പുറത്തിറക്കാനാണ് ഈ ചര്‍ച്ചകളെല്ലാമെന്ന് മാക്കന്‍ പറഞ്ഞു.പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനല്ല കെജ്രിവാള്‍ യോഗത്തിനെത്തിയത്. ആ ഐക്യത്തെ തകര്‍ക്കാനാണ്. ആ ലക്ഷ്യവുമായിട്ടാണ് പട്‌നയിലേക്ക് കെജ്രിവാള്‍ എത്തിയതെന്നും മാക്കന്‍ ആരോപിച്ചു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും ഇരുപാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്. ഇത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം തന്നെ സാധ്യമാകുമോ എന്ന ചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലും എഎപി നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധിയോട് നിരവധി തവണ കൂടിക്കാഴ്ച്ചയ്ക്ക് യോഗത്തില്‍ വെച്ച് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രാഹുല്‍ അത് മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരെ പരസ്യമായി നിലപാടെടുക്കുകയും, ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുകയും ചെയ്യണമെന്നാണ് എഎപി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. അതേസമയം പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. അതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം എഎപിയെ അറിയിച്ചു.
അതേസമയം ഇത്തരമൊരു ഭരണഘടനാ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കെജ്രിവാളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് രാഹുലോ, ഖാര്‍ഗെയോ അനുമതി നല്‍കിയില്ല. കെജ്രിവാളിനൊപ്പം യോഗത്തിന്റെ ഇടവേളയില്‍ സംസാരിക്കാനും രാഹുല്‍ താല്‍പര്യം കാണിച്ചില്ലെന്ന് എഎപി ആരോപിച്ചു.












Click it and Unblock the Notifications