അരവിന്ദ് കെജ്രിവാള്‍ വീണ്ടും തീഹാര്‍ ജയിലിലേക്ക്, 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വീണ്ടും തീഹാര്‍ ജയിലിലേക്ക്. കെജ്രിവാളിനെ ഡല്‍ഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സിബിഐയുടെ ഹര്‍ജി അനുവദിച്ച് കൊണ്ടാണ് കോടതി ഉത്തരവ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.
ജൂലൈ 12 വരെ കെജ്രിവാള്‍ തീഹാര്‍ ജയിലില്‍ തുടരും. 3 ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് റിമാന്‍ഡ് ഉത്തരവ്. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനോട് കെജ്രിവാള്‍ സഹകരിച്ചില്ലെന്നാണ് റിമാന്‍ഡ് ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ സിബിഐയുടെ വാദം. മാത്രമല്ല രേഖകളിലുളള തെളിവുകള്‍ക്ക് വിപരീതമായ തെറ്റുത്തരങ്ങള്‍ കെജ്രിവാള്‍ ബോധപൂര്‍വ്വം നല്‍കിയതായും സിബിഐ ആരോപിച്ചു.

2021-22ലെ ഡല്‍ഹി മദ്യനയം പ്രകാരം മൊത്തക്കച്ചവടക്കാര്‍ക്കുളള ലാഭവിഹിതം 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയത് യാതൊരു വിധത്തിലുളള പഠനമോ ന്യായമോ കൂടാതെയാണ് എന്നതില്‍ തെളിവുകള്‍ സഹിതം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ കെജ്രിവാള്‍ വ്യക്തമായതും വിശ്വസനീയമായതുമായ വിശദീകരണം നല്‍കിയില്ല, സിബിഐ പറയുന്നു. കൊവിഡ് രണ്ടാം തരംഗം ഗുരുതരമായിരിക്കുന്ന സമയത്ത് തിരക്കിട്ട് ഒരു ദിവസം കൊണ്ട് മദ്യനയത്തിനുളള മന്ത്രിസഭാ അനുമതി ലഭ്യമാക്കിയത് എന്തിനാണെന്ന് വിശദീകരിക്കാനും കെജ്രിവാളിന് സാധ്യമായില്ല. ഈ സമയത്ത് കേസില്‍ ആരോപണ വിധേയരായ ദക്ഷിണേന്ത്യന്‍ സംഘത്തിലെ ആളുകള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നുവെന്നും ഇവര്‍ കെജ്രിവാളിന്റെ അടുത്ത ആളായ വിജയ് നായരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നുവെന്നും സിബിഐ ആരോപിക്കുന്നു.












Click it and Unblock the Notifications