അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകും?; നേതാവ് പറഞ്ഞത്..പ്രവചനവുമായി കോൺഗ്രസ്
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ച അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രിയാകുമോ? വൈകാതെ അത് സംഭവിക്കുമെന്നാണ് പഞ്ചാബ് കോൺഗ്രസ് നേതാക്കളുടെ പ്രവചനം. അടുത്തിടെ പഞ്ചാബിലെ ആം ആദ്മിയുടെ സംസ്ഥാന അധ്യക്ഷൻ നടത്തിയ പ്രസ്തവാന ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാക്കൾ ഇത്തരമൊരു സാധ്യത ഉന്നയിക്കുന്നത്.
' സംസ്ഥാന എ എ പി അധ്യക്ഷൻ അമൻ അറോറ കഴിഞ്ഞ ദിവസം പറഞ്ഞത് ഹിന്ദു മതവിഭാഗത്തിൽ നിന്നുള്ള വ്യക്തിക്കും പഞ്ചാബിലെ മുഖ്യമന്ത്രി ആകാമെന്നാണ്. മുഖ്യമന്ത്രിയാകുന്ന വ്യക്തിയുടെ കഴിവാണ് നോക്കേണ്ടതെന്നും അല്ലാതെ അദ്ദേഹം ഹിന്ദുവാണോ സിഖുകാരനാണോ എന്നല്ലെന്നാണ്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തോടെ ഒരു കാര്യം വ്യക്തമാകുകയാണ്. പഞ്ചാബിൽ ഭഗവന്ത് മന്നിന് പകരം മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാളിനെ അവരോധിക്കാനുള്ള വഴിയാണ് ഒരുങ്ങുന്നത്. നിലവിൽ ലുധിയാന നിയമസഭ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഉപതരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് കെജ്രിവാളിന് മത്സരിക്കാൻ എളുപ്പമായി', കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ പറഞ്ഞു.

ആം ആദ്മിക്കുള്ളിൽ ആഭ്യന്തര തർക്കം ഉണ്ടാകുമെന്നും ബജ്വ ആരോപിച്ചു. 'ഡൽഹി നേതൃത്വത്തിനെതിരെ മന്നും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തും. ഇത് ആം ആദ്മിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകും. പഞ്ചാബിൽ നിന്ന് കൂടുതൽ ആം ആദ്മി എംഎൽഎമാർ പാർട്ടി വിടും', ബജ്വവ പറഞ്ഞു.
അതേസമയം പഞ്ചാബിൽ ഇടക്കാല തിരഞ്ഞെടുപ്പിനുള്ള സാധ്യത ഉണ്ടെന്നാണ് ഗുരുദാസ്പൂരിൽ നിന്നുള്ള കോൺഗ്രസ് എം പി സുഖീന്ദർ സിംഗ് രൺധാവയുടെ പ്രവചനം. 'എ എ പി നേതൃത്വത്തിൽ അതൃപ്തിയുള്ള 35 ഓളം എംഎൽഎമാർ വിവിധ പാർട്ടികളിലേക്ക് ചേക്കേറും. സർക്കാർ താഴെ വീഴും. ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തോടെ പഞ്ചാബിൽ ആം ആദ്മി ചെയ്ത അഴിമതിയുടെ വിവരങ്ങൾ പുറത്താകാൻ കാരണമാകും. ഇനി എല്ലാം വെളിപ്പെടും', രൺധാവ ആരോപിച്ചു.
കോൺഗ്രസിൽ നിന്നും അകന്ന് ആം ആദ്മിയിലെത്തിയ വോട്ടർമാരുമരെ ഇനി തങ്ങളിലേക്ക് അടുപ്പിക്കുകയെന്നതാണ് ഇനി കോൺഗ്രസ് ദൗത്യമെന്ന് നേതാക്കൾ പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുള്ള ശ്രമങ്ങളും ഉണ്ടാകും. പഞ്ചാബിലെ ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കും', നേതാക്കൾ വിശദീകരിച്ചു.
അതേസമയം കനത്ത തിരിച്ചടിയാണ് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി നേരിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടി പാർട്ടിക്ക് ഇക്കുറി ലഭിച്ചത് വെറും 26 ഓളം സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. അരവിന്ദ് കെജ്രിവാളിനെ കൂടാതെ പാർട്ടിയുടെ പ്രമുഖരെല്ലാവരും കനത്ത തോൽവിയാണ് തിരഞ്ഞെടുപ്പിൽ രുചിച്ചത്. അതേസമയം ജനവിധി അംഗീകരിക്കുന്നുവെന്നും ക്രീയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും പരാജയത്തിന് പിന്നാലെ കെജ്രിവാൾ പ്രതികരിച്ചു.












Click it and Unblock the Notifications