ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
മുംബൈ: ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സിനിമാ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ആര്യന്‍ ഖാനെയും മറ്റ് ഏഴ് പ്രതികളേയും ഒക്ടോബര്‍ 11വരെ കസ്റ്റഡിയില്‍ വേണമെന്ന് നാര്‍കോട്ടിക് കണ്ട്രോള്‍ ബ്യൂറോ(എന്‍സിബി) പറഞ്ഞിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം പരിഗണിക്കാതെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ആര്യന്‍ ഖാന്റെ കൂട്ടുപ്രതിയായ അര്‍ബാസ് മര്‍ച്ചന്റ് ഉള്‍പ്പെടെയാണ് കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം ആര്യന്‍ ഖാന്റെ അഡ്വക്കറ്റ് സതീഷ് മഹേഷിന്‍ഡെ ജാമ്യത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ സെഷന്‍സ് കോടതി നാളെ കേള്‍ക്കും. നിര്‍ബന്ധിത കോവിഡ് പരിശോധന നടത്താതിരിക്കുകയും, ജയില്‍ സമയം കഴിഞ്ഞതിനാലും പ്രതികള്‍ ഇന്ന് രാത്രി നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ഓഫീസിലായിരിക്കും കഴിയുക. ഷാരൂഖ് ഖാനും, ഭാര്യ ഗൗരി ഖാനും കോടതിയില്‍ ഹാജരായിരുന്നില്ല.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിന് ആര്യന്‍ഖാനെ കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടി നടത്താന്‍ കൂട്ട്‌നിന്നവരുള്‍പ്പെടെ 16 പ്രതികളെയാണ് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യന്‍ ഖാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അര്‍ചിത് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരുമായി ആര്യന്‍ ഖാന്‍ ബന്ധപ്പെട്ടിരുന്നതായി നാര്‍കോട്ടിക് ബ്യൂറോ കോടതിയെ അറിയിച്ചു.
അര്‍ചിത് കുമാറാണ് ലഹരി വിതരണം ചെയ്യുന്നതെന്ന് എന്‍സിബി കോടതിയെ അറിയിച്ചു. ആര്യന്‍ഖാനും, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ലഹരി വസ്തുക്കളുടെ പണം നല്‍കുന്നത് സംബന്ധിച്ച് വാട്‌സാപ്പില്‍ സംസാരിച്ചിരുന്നുവെന്ന് എന്‍സിബി കോടതയില്‍ പറഞ്ഞു.
എന്നാല്‍ വ്യക്തമല്ലാത്ത കാരണത്താല്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ വെക്കുന്നത് മൗലികാവകാശത്തിന് എതിരാണെന്നും പ്രതിയെ അന്വേഷണം ഏജന്‍സിയുടെ കസ്റ്റഡിയിലേക്ക് വിടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും മറ്റുള്ളവരുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തതില്‍ ആര്യന്‍ ഖാന്‍ ഉത്തരവാദിയാകുകയില്ലെന്നും ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീഷ് മന്‍ഷിന്‍ഡെ കോടതിയില്‍ വാദിച്ചു. എന്നാല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് മുഴുവനായി പരിശോധിക്കണമെന്നും കോടതിയില്‍ വാദിച്ചു.
തന്റെ വാട്ട്സ്ആപ്പ് ചാറ്റുകളില്‍ കുറ്റകരമായ ഒന്നും അടങ്ങിയിട്ടില്ലെന്നും ആര്യന്‍ ഖാന്‍ പറഞ്ഞു. ഫുട്‌ബോളിനെ കുറിച്ചായിരുന്നു അര്‍ചിത് കുമാറുമായി സംസാരിച്ചത് എന്നായിരുന്നു ആര്യന്‍ ഖാന്‍ പറഞ്ഞത്.
Recommended Video
കപ്പലില്‍ എന്‍സിബി രഹസ്യമായി നടത്തിയ റെയ്ഡില്‍ 13 ഗ്രാം കൊക്കെയ്ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, അഞ്ച് ഗ്രാം എംഡി എന്നിവ കണ്ടെടുത്തിരുന്നു. അടിവസ്ത്രങ്ങള്‍ക്കിടയിലും, വസ്ത്രങ്ങള്‍ക്കിടയിലും, പഴ്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ എന്‍സിബി കണ്ടെടുത്തത്.












Click it and Unblock the Notifications