സിനിമയല്ല ഇത് പോരാട്ടം! കന്നിയങ്കത്തിൽ ഇരട്ട മണ്ഡലങ്ങളിൽ വിജയ്; തമിഴകം ഇന്ന് വിധിയെഴുതും
രണ്ട് മാസം നീണ്ടുനിന്ന ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം തമിഴ്‌നാട് ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണുകളെല്ലാം രണ്ട് മണ്ഡലങ്ങളിലേക്കാണ്. ചെന്നൈയിലെ പെരമ്പൂരും മധ്യ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റും. തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പർതാരവുമായ വിജയ് തന്റെ കന്നി തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത് ഈ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ്.
രണ്ട് വ്യത്യസ്ത മേഖലകളിൽ നിന്ന് മത്സരിക്കാനുള്ള വിജയിൻ്റെ തീരുമാനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നു. ഡിഎംകെയുടെ ശക്തമായ സ്വാധീനമുള്ള വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ നിലവിലെ എംഎൽഎ ആർ.ഡി ശേഖറിനെതിരെയാണ് വിജയ് പൊരുതുന്നത്. തൊഴിലാളികളും സാധാരണക്കാരും വോട്ടർമാരിലധികമുള്ള ഈ മണ്ഡലം പിടിച്ചെടുക്കുക എന്നത് ടിവികെയെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. മറുഭാഗത്ത് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെയുടെ ഇണിഗോ ഇരുദയരാജുമായിട്ടാണ് വിജയിൻ്റെ മത്സരം. നഗര വോട്ടർമാരിലും യുവാക്കളിലും തനിക്കുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാനാണ് വിജയിൻ്റെ ശ്രമം.

ദ്രാവിഡ കക്ഷികളുടെ സൗജന്യ രാഷ്ട്രീയത്തെ വിമർശിക്കുമ്പോഴും ജനപ്രിയ വാഗ്ദാനങ്ങളുമായാണ് ടിവികെ കളത്തിലിറങ്ങിയത്. സ്ത്രീകൾക്ക് മാസം 2,500 രൂപ ധനസഹായം, 8 ഗ്രാം സ്വർണ്ണവും പട്ടുസാരിയും ഉൾപ്പെടുന്ന വിവാഹ സഹായ പദ്ധതി, തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 4,000 രൂപ അലവൻസ് എന്നിവ വിജയിൻ്റെ പ്രകടനപത്രികയിലെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും ആറ് എൽപിജി സിലിണ്ടറുകളും പാർട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. ദൗത്യം ലളിതമല്ലെങ്കിലും 'വിസിൽ' ചിഹ്നത്തിൽ മത്സരിക്കുന്ന ടിവികെ പ്രവർത്തകർ വലിയ ആത്മവിശ്വാസത്തിലാണ്.
സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുന്ന ടിവികെ, തമിഴ്‌നാട്ടിൽ ഒരു മൂന്നാം ബദൽ ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്. എം.കെ സ്റ്റാലിൻ്റെ ഭരണത്തുടർച്ചയും എഐഎഡിഎംകെയുടെ തിരിച്ചുവരവും ലക്ഷ്യമിട്ടുള്ള പോരാട്ടത്തിനിടയിൽ വിജയ് എത്രത്തോളം വോട്ട് വിഹിതം നേടും എന്നതിനെ ആശ്രയിച്ചിരിക്കും തമിഴ് രാഷ്ട്രീയത്തിൻ്റെ ഭാവി. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയം. വോട്ടെടുപ്പിന് ശേഷം മെയ് 4-ന് ഫലം പുറത്തുവരുമ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രം പിറക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. വിജയുടെ വരവ് ദ്രാവിഡ പാർട്ടികളുടെ വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്ത്തുമോ എന്ന ഭയം പ്രധാന പാർട്ടികൾക്കുമുണ്ട്. യുവ വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തം ഇത്തവണ തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറികൾക്ക് കാരണമായേക്കാം.












Click it and Unblock the Notifications