ആശാറാംബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി പിടിയില്‍
ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി ഒടുവില്‍ പോലീസിന്റെ പിടിയിലായി. ഏകദേശം രണ്ടുമാസത്തോളമായി നടത്തുന്ന ഒളിച്ചോടത്തിനൊടുവിലാണ് നാരായണ്‍ സായിയെ പോലീസ് അറസ്റ്റ് ചെയ്തത്. ദില്ലി - ഗുജറാത്ത് പോലീസിന്റെ കൂട്ടായ ശ്രമത്തിലൊടുവിലാണ് പീഡനവീരനായ ഇയാള്‍ അകത്തായത്.
സൂറത്തില്‍ നടന്ന ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് നാരായണ്‍ സായിയെ പോലീസ് തിരയുകയായിരുന്നു. ദില്ലി - ഹരിയാന അതിര്‍ത്തിയില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനും മകനുമെതിരെ സൂറത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ടും ബലാത്സംഗക്കേസുകളാണ്. സഹോദരികളായ യുവതികളെ ബലമായി പിടിച്ചുവെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.

2002 നും 2005 നും ഇടയില്‍ സൂറത്തിലെ ആശ്രമത്തില്‍ താമസിക്കുന്ന കാലത്ത് നാരായണ്‍ സായി തന്നെ ബലമായി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരില്‍ ഇളയ സഹോദരി പോലീസിനോട് പറഞ്ഞത്. നാരായണ്‍ സായി ഒളിവില്‍ പോയതിനെത്തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൂത്ത സഹോദരി നാരായണ്‍ സായിയുടെ അച്ഛന്‍ ആശാറാം ബാപ്പുവിനെതിരായാണ് മൊഴി നല്‍കിയിട്ടുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിയുകയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ആശാറാം ബാപ്പു. രാജസ്ഥാനിലെ ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് നടത്തിയ പീഡനക്കേസിലാണ് ബാപ്പു ജയിലിലായത്. ഇതുകൂടാതെയാണ് സൂറത്ത് ആശ്രമത്തിലെ അന്തേവാസികളായ സഹോദരിമാര്‍ അച്ഛനും മകനും എതിരെ പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications