അയോധ്യ ക്ഷേത്രം ഉദ്ഘാടനത്തിന് വിധി പറഞ്ഞ ജഡ്ജിയും: ഭാഗിക അവധിയും പ്രഖ്യാപിച്ചു
ഡല്‍ഹി: ബാബരി മസ്ജിദ് തർക്ക കേസിലെ നിർണ്ണായകമായ ചരിത്ര വിധി പുറപ്പെടുവിച്ചത് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ഉള്‍പ്പെടുന്ന അഞ്ചംഗ ബഞ്ചായിരുന്നു. നാളെ നടക്കുന്ന രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാ ചടങ്ങിലേക്ക് ഈ അഞ്ച് ജഡ്ജിമാരേയും ക്ഷേത്ര നിർമ്മാണ കമ്മിറ്റി ഭാരവാഹികള്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
രഞ്ജൻ ഗൊഗോയ്ക്ക് പുറമെ എസ്എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. തർക്കഭൂമിയിൽ അവകാശവാദമുന്നയിക്കുന്ന മുസ്ലീങ്ങളുടെ ഒട്ടമിക്ക എല്ലാ വാദങ്ങളും അംഗീകരിച്ചിട്ടും ഭൂമി ഹിന്ദുക്കൾക്ക് കൈമാറിക്കൊണ്ടായിരുന്നു സുപ്രീംകോടതി അന്ന് വിധി പ്രസ്താവിച്ചത്.

450 വർഷം പഴക്കമുള്ള മസ്ജിദ് മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും അവർക്ക് അയോധ്യയിൽ പള്ളി പണിയാൻ 'പ്രമുഖവും അനുയോജ്യവുമായ' അഞ്ച് ഏക്കർ സ്ഥലം അനുവദിക്കാനും സർക്കാരിനോട് ബെഞ്ച് അന്ന് നിർദേശിച്ചു. ഇത് പ്രകാരമുള്ള ഭൂമി അനുവദിക്കപ്പെട്ടെങ്കിലും മസ്ജിദിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത രാജ്യസഭാംഗമാണ് ഇന്ന് ജസ്റ്റിസ് ഗോഗോയ്. ജസ്റ്റിസ് ഗോഗോയിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ്' നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ജസ്റ്റിസ് ബോബ്‌ഡെ ജസ്റ്റിസ് ഗോഗോയിയുടെ പിൻഗാമിയായി ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായപ്പോള്‍ ജസ്റ്റിസ് ഭൂഷൺ 2021 ജൂലൈയിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചു. ജസ്റ്റിസ് നസീറാകട്ടെ ആന്ധ്രാപ്രദേശ് ഗവർണറായി സേവനമനുഷ്ഠിക്കുന്നു.
വിധി പ്രസ്താവിച്ച അഞ്ച് പേരേയും ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും അശോക് ഭൂഷണ്‍ മാത്രമാണ് നാളെ അയോധ്യയില്‍ എത്തുന്നത്. മറ്റുനാല് ജഡ്ജിമാർ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. ജസ്റ്റിസ് അശോക് ഭൂഷണെ 2021-ൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെ ചെയർമാനായി നിയമിച്ചിരുന്നു. അയോധ്യയിലെ ചടങ്ങിനോട് അനുബന്ധിച്ച് എൻസിഎൽഎടിക്ക് നാളെ ഭാഗിക അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
2024 ജനുവരി 18-ലെ ഇന്ത്യൻ ഗവൺമെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ, കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്ര വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉച്ചയ്ക്ക് 2:30 വരെ ഭാഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിബ്യൂണലും അതിന്റെ രജിസ്ട്രി/ഓഫീസുകളും നിർദ്ദിഷ്ട സമയം വരെ അടച്ചിടാനാണ് അശോക് ഭൂഷണിന്റെ നിർദേശം.












Click it and Unblock the Notifications