അശോക് ഖേംക ഇനി പെട്ടിയെടുത്ത് ഓടേണ്ട: 57 ട്രാൻസ്ഫർ ചെയ്യപ്പെട്ട ഐഎഎസ് ഓഫീസർ അശോക് ഖേംക വിരമിച്ചു
അശോക് ഖേംകക്ക് ഇനി പെട്ടിയെടുക്കേണ്ട. സാധനങ്ങൾ കെട്ടിപ്പെറുക്കി ഓടേണ്ട. ബോർഡുകൾ എടുത്ത് മാറ്റേണ്ട. 57 തവണ അതിന് വഴി വെച്ച ഔദ്യോഗിക ജീവിതത്തിൽ നിന്ന് അദ്ദേഹം വിരമിച്ചു. ഇനി സ്വസ്ഥം.
ഐഎഎസ് എന്ന പദവിയിൽ അശോക് ഖേംക കൂടുതലും ചെയ്തത് കസേരകളിയായിരുന്നു. ആർക്കും വേണ്ടാത്ത കസേരകളിൽ പോലും അദ്ദേഹത്തിന് അധികം ഇരിക്കേണ്ടി വന്നില്ല. ശരാശരി കണക്കെടുത്താൽ ഏഴ് മാസം കൂടുമ്പോൾ ട്രാൻസ്ഫർ. കാരണം എന്താണ്? ലളിതം. സത്യസന്ധനാണ്. ആരുടെ മുന്നിലും തല താഴ്ത്തില്ല. സമ്മർദത്തിന് വഴങ്ങില്ല. നയാപൈസയുടെ അഴിമതി ഇല്ല. അഴിമതി കാട്ടുന്നവരെ തുറന്നു കാട്ടും. ജോലിയോട് കൂറുണ്ട്. അത്ര തന്നെ.

1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അശോക് ഖേംക. പശ്ചിമബംഗാൾ സ്വദേശി. ഹരിയാനയിലെ ഭൂമി രേഖകളുടെ കമ്പ്യൂട്ടർ വത്കരണം ഉറപ്പാക്കിയ ഉദ്യോഗസ്ഥൻ. ഗതാഗതവകുപ്പിൽ ലൈസൻസ് അനുവദിക്കുന്നതിലും രജിസ്ട്രേഷൻ നടത്തുന്നതിന്റെ പേരിലുമുള്ള അഴിമതി ഇല്ലാതാക്കാൻ പുതിയ ചട്ടങ്ങളും രീതികളും കൊണ്ടു വന്ന ഉദ്യോഗസ്ഥൻ. സാമൂഹിക ക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും പെൻഷനുകൾ അർഹരായവർക്ക് തന്നെ കൃത്യമായി കിട്ടുന്നുണ്ടെന്നും ഉറപ്പാക്കിയ ഉദ്യോഗസ്ഥൻ. ഇ ഗവേണൻസ് ഫലപ്രദമായി നടപ്പാക്കുകയും ഉപയോഗിക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ. വിജിലൻസിന്റെ ചുമതല തന്നാൽ അഴിമതി അവസാനിപ്പിക്കാമെന്നും സുതാര്യത ഉറപ്പാക്കാമെന്നും ആർജവത്തോടെ പറഞ്ഞ ഉദ്യോഗസ്ഥൻ
പക്ഷേ സത്യസന്ധത ഖേംകക്ക് മാത്രമായിരുന്നു പ്രിയം. അഴിമതിയോട് ഖേംകക്ക് മാത്രമായിരുന്നു വിദ്വേഷം. കോൺഗ്രസായാലും ബിജെപിയായാലും സംസ്ഥാനം ഭരിച്ചവർക്ക് രണ്ട് കാര്യത്തിലും വിരുദ്ധ നിലപാടും താത്പര്യവുമായിരുന്നു. അതു കൊണ്ടാണ് ഖേംക ചെയ്ത നല്ല കാര്യങ്ങളുടെ, വലിയ മാറ്റങ്ങളുടെ പട്ടിക ചെറുതായി പോയത്. കൂടുതൽ കാലവും ജോലി ആർക്കൈവ്സ്, ആർക്കിയോളജി, പ്രിന്റിങ് വകുപ്പുകളിൽ ആയി പോയത്.
ജോലി ചെയ്യുമ്പോൾ മുന്നിലെത്തുന്ന ഫയലുകളിലെ വാസ്തവവും വസ്തുതകളും മാത്രമാണ് ഖേംക നോക്കിയതും പരിഗണിച്ചതും . അത് മാത്രമായിരുന്നു തീരുമാനങ്ങളെടുക്കാനുള്ള ഘടകങ്ങളും. രാഷ്ട്രീയസമ്മർദമോ ബാഹ്യപ്രേരണകളോ വരാനിടയുള്ള ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് വിഷയമായില്ല
2012ലാണ് ഖേംക ദേശീയതലത്തിൽ ആദ്യമായി വാർത്തയായത്. അന്ന് അദ്ദേഹം ലാൻഡ് കൺസോളിഡേഷൻ ഡയറക്ടർ ജനറൽ ആയിരുന്നു. ഡിഎൽഎഫും സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും തമ്മിലുള്ള ഭൂമി ഇടപാട് ഖേംക റദ്ദാക്കി. സാക്ഷാൽ സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര ഇടപെട്ട പദ്ധതിക്കാണ് ഖേംക ചുവന്ന കൊടി വീശിയത്. കോൺഗ്രസ് തിളങ്ങി നിൽക്കുന്ന കാലത്ത്.
2013ൽ ഹരിയാന വിത്ത് വികസന കോർപറേഷൻ എംഡി ആയിരിക്കെ വിത്തും കുമിൾനാശിനിയും ഒക്കെ വാങ്ങുന്നതിലെ അഴിമതിയും ക്രമക്കേടുകളും വെളിച്ചത്ത് കൊണ്ടുവന്നു. നിർത്തലാക്കി. ഖജനാവിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഒഴിവാക്കി ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷനിലെ അഴിമതി നിർത്തലാക്കിയതും ഖേംക തന്നെ
ഓരോ അഴിമതി കണ്ടെത്തിയപ്പോഴും ഇടപെട്ടപ്പോഴും ഖേംകക്ക് വന്നത് പ്രശസ്തി പത്രങ്ങളോ നല്ല വാക്കുകളോ പ്രമോഷനോ അല്ല. ട്രാൻസ്ഫർ ഉത്തരവുകൾ ആണ്. കോൺഗ്രസ് ഭരണകാലത്തെ സ്ഥലം മാറ്റങ്ങളെ വിമർശിച്ച ബിജെപി അധികാരത്തിൽ വന്നപ്പോഴും ഖേംകയുടെ കാര്യത്തിൽ മാറ്റമൊന്നും വന്നില്ല. ഹൂഡ സർക്കാരിന്റെ ഭരണകാലത്ത് 2004 മുതൽ 2014വരെ ഇരുപതിലധികം തവണയാണ് ഖേംകക്ക് മാറ്റം കിട്ടിയത്. പിന്നെ അധികാരത്തിലേറിയ മോഹൻലാൽ ഖട്ടർ ആകട്ടെ ആദ്യ അഞ്ച് വർഷത്തിനിടെ തന്നെ ഏഴ് തവണ സ്ഥലം മാറ്റി.
ആർക്കിയോളജിയിലും ആർക്കൈവ്സിലും തന്നെ പോലൊരു ഉദ്യോഗസ്ഥൻ ചെയ്യേണ്ട പണിയില്ലെന്നും ആഴ്ചയിൽ പത്ത് മണിക്കൂറു പോലും ജോലിയില്ലെന്നും നാൽപത് മണിക്കൂറിലധികം ജോലി ചെയ്യാൻ തയ്യാറുള്ള തന്നെ ഇവിടെയല്ല പോസ്റ്റ് ചെയ്യേണ്ടതെന്നും ചീഫ്സെക്രട്ടറിക്ക് കത്തയച്ച് കാത്തിരുന്നിട്ടുണ്ട് ഖേംക. തന്റെ ഒപ്പം സർവീസിൽ കയറിയവർ സ്ഥാനക്കയറ്റം നേടി സെക്രട്ടറി റാങ്കിലേക്ക് ഉയർത്തപ്പെട്ടപ്പോൾ , സത്യസന്ധതയുടെ പേരിൽ അവഗണിക്കപ്പെട്ട വേദനയിൽ നെടുവീർപ്പിട്ടിരുന്നിട്ടുണ്ട് ഖേംക.
സത്യസന്ധതക്കുള്ള പ്രതിഫലം അപമാനമാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ട് ഖേംക. പക്ഷേ ഒഴിവാക്കലുകൾക്കോ മാറ്റി നിർത്തലുകൾക്കോ അപ്രസക്തമായ പോസ്റ്റിങ്ങുകൾക്കോ പ്രതികാരനടപടികൾക്കോ ഖേംകയിലെ പോരാളിയെ തളർത്താനായില്ല. ആരുടെയും സമ്മർദത്തിന് അടിയറവ് പറയാതെ തല കുനിക്കാതെ ഖേംക സർവീസിൽ തുടർന്നു. ട്രാൻസ്ഫർ ഉത്തരവുകൾക്കായി കാത്തിരുന്നു. ഇടക്ക് ഇങ്ങനെ ഒരു കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചു..... അഴിമതിക്ക് എതിരെ ഞാൻ ശക്തമായ നിലപാട് എടുത്തു. കാര്യമൊന്നും ഉണ്ടായില്ല. എന്റെ കരിയർ ആണ് എനിക്ക് ബലി കൊടുക്കേണ്ടി വന്നത്. എനിക്ക് നിരാശയില്ല. ഞാൻ ഇങ്ങനെ തന്നെ തുടരും.
അവസാന ട്രാൻസ്ഫർ ഉത്തരവ് വന്നത് കഴിഞ്ഞ ഡിസംബറിൽ. പതിറ്റാണ്ടിനിപ്പുറം ഗതാഗത വകുപ്പിലേക്ക്. അഡീ. ചീഫ് സെക്രട്ടറി തസ്തികയിൽ. കാലങ്ങൾക്കിപ്പുറം തസ്തിക എന്ന് പറയാവുന്ന ഒരു തസ്തികയിൽ. വിരമിക്കലിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ.
സത്യസന്ധതയുടെ പേരിൽ, അഴിമതിയോടുള്ള സന്ധിയില്ലാ പോരാട്ടത്തിന്റെ പേരിൽ ഇത്രയേറെ സഹിച്ചിട്ടും നിലപാടിൽ ഒരു തരി മാറ്റത്തിന് ഖേംക തയ്യാറായില്ല. ഭവദീപ് കാങ്ങും നമിത കാലയും ചേർന്ന് എഴുതിയ Just Transferred : The Untold Story of Ashok Khemka എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു.....അപ്രസക്തമായ പദവികളിലേക്ക് മാറ്റി നിർത്തപ്പെട്ടു, പ്രതികാരനടപടികൾ നേരിട്ടു, കേന്ദ്ര ഡെപ്യൂട്ടേഷൻ നിഷേധിക്കപ്പെട്ടു...എന്നിട്ടും അചഞ്ചലമായ സത്യസന്ധതയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരുന്ന ഖേംക ഉദ്യോഗസ്ഥ ധീരതയുടെ പ്രതീകമാണ്.
സത്യമാണ് ആ വാചകങ്ങൾ. ഖേംക ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുമ്പോൾ ബാക്കിയാകുന്നത് ആ പ്രതീകമാണ്. നിലപാടുകളെ അംഗീകരിക്കുന്നവരും ബഹുമാനിക്കുന്നവരും മാത്രമല്ല ഖേംക ഒരു തലവേദനയാണെന്ന് പറഞ്ഞവരും കസേരകളിൽ നിന്ന് കസേരകളിലേക്ക് ഓടിച്ചവരും ആ ശക്തമായ നിലപാടിന് മുന്നിൽ കൈ കൂപ്പും. കാരണം കഠിനമായ സിവിൽ സർവീസ് പരീക്ഷയേക്കാൾ വലിയ വെല്ലുവിളിയാണ് ഖേംക അതിജീവിച്ചത്. ശക്തമായ നിലപാടെടുത്തു. അതിൽ ഉറച്ച് നിന്നു. സത്യസന്ധമായി ജീവിച്ചു. ധീരമായി പ്രതിസന്ധികളെ നേരിട്ടു. 57 സ്ഥലംമാറ്റ ഉത്തരവുകളിൽ തിളങ്ങിയ ധീരതയുടെ പേരിൽ ഖേംക ഇന്ത്യൻ ഉദ്യോഗസ്ഥ ചരിത്രത്തിലെ തിളക്കമേറിയ ഏടായിരിക്കുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications