ദേശീയ പതാകയിലെ അശോക ചക്രം ഹിന്ദു ചിഹ്നം; ലൗ ജിഹാദ് ആദ്യം പറഞ്ഞത് വിഎസ്- ബിജെപി എംപി
ന്യൂഡല്‍ഹി: ഇന്ത്യയെ മതനിരപേക്ഷ രാജ്യമാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിന് ഒരിക്കലും സാധിക്കില്ലെന്നും ബിജെപി രാജ്യസഭാ എംപി സുധാംശു ത്രിവേദി. ഡല്‍ഹിയില്‍ ദി അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുധാംശു. േേദശീയ പതാകയിലെ അശോക ചക്രം സാരനാഥ് ക്ഷേത്രത്തിലെ ഹിന്ദു ചിഹ്നമാണെന്നും ബിജെപി നേതാവ് പറഞ്ഞു.
കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ലൗ ജിഹാദ് എന്ന പ്രയോഗം ആദ്യം നടത്തിയത് ബിജെപിയല്ല. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ്. കേരളത്തില്‍ സംഘടിതമായ മതപരിവര്‍ത്തന പദ്ധതി പോപ്പുലര്‍ ഫ്രണ്ടിനുണ്ടായിരുന്നുവെന്നും സുധാംശു പറഞ്ഞു.

മലപ്പുറത്ത് എല്ലാ വിഭാഗം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കാന്‍ ശ്രമം നടന്നിരുന്നു. കോണ്‍ഗ്രസ് ഇതിനെ പിന്തുണച്ചു. ബിജെപി എതിര്‍ത്തപ്പോഴാണ് നടക്കാതെ പോയത്. പരശുരാമന്‍ സൃഷ്ടിച്ച കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിളിക്കുക. ലൗ ജിഹാദ് കേസുകളില്‍ എന്‍ഐഎയുടെ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സുധാംശു ത്രിവേദി പറഞ്ഞു.
കേരളത്തെ വളരെ മോശമായി ചിത്രീകരിച്ചുവെന്ന് വിമര്‍ശനം നേരിട്ട സിനിമയാണ് ദി കേരള സ്‌റ്റോറി. ഇതിന്റെ തുടര്‍ച്ചയായി സംവിധായകന്‍ സുദീപ്‌തോ സെന്നും ജെകെ അംബികയും ചേര്‍ന്ന് എഴുതിയ പുസ്തകമാണ് ദി അണ്‍ടോള്‍ഡ് കേരള സ്‌റ്റോറി. സുധാംശുവും ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേര്‍ന്നാണ് പുസ്തകം പ്രകാശ്‌നം ചെയ്തത്. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലെ മള്‍ട്ടിപര്‍പ്പസ് ഹാളിലായിരുന്നു പരിപാടി.
കേരള സ്‌റ്റോറി കണ്ട് മനസ് അസ്വസ്ഥമായി എന്ന് രേഖ ഗുപ്ത പറഞ്ഞു. സിനിമ എല്ലാവരെയും കാണിക്കാന്‍ വേണ്ടി ശ്രമിച്ചിരുന്നു. നിരവധി പ്രദര്‍ശനങ്ങള്‍ തന്റെ നേതൃത്വത്തില്‍ നടന്നു. ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെ സിനിമ കാണിച്ച് ബോധവല്‍ക്കരിച്ചു. ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളാണ് പ്രയാസം അനുഭവിക്കുന്നത് എന്നും രേഖ ഗുപ്ത പറയുന്നു.
അതേസമയം, കേരളത്തെയും മലപ്പുറത്തെയും മോശമാക്കി സംസാരിച്ച ബിജെപി നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. മലപ്പുറത്ത് എപ്പോഴാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കാന്‍ നോക്കിയത് എന്ന് പലരും ചോദിച്ചു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവാണ് സുധാംശു ത്രിവേദി. 2019 മുതല്‍ രാജ്യസഭാംഗമാണ്. മുമ്പും വിവാദ പ്രസ്താവന നടത്തി ഇദ്ദേഹം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.












Click it and Unblock the Notifications