യാത്ര തടഞ്ഞു.. പിന്നാലെ രാഹുലിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ഹിമന്ത ബിശ്വ ശര്‍മ്മ
ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയ്ക്ക് അസമില്‍ വീണ്ടും വിലക്ക്. ഗുവാഹത്തിയിലെ റോഡുകളിലൂടെ നീങ്ങാന്‍ അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയില്‍ റോഡ് തടസ്സങ്ങള്‍ സൃഷ്ടിച്ചുവെന്നാരോപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള രൂക്ഷമായ വാക്കുതര്‍ക്കത്തിനിടെയാണ് പുതിയ സംഭവവികാസം.
ഗുവാഹത്തിയില്‍ ഇന്ന് പ്രവൃത്തിദിനമാണെന്നും പ്രധാന നഗര റോഡുകളിലൂടെ യാത്ര അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമായേക്കാമെന്നും സര്‍ക്കാര്‍ പറഞ്ഞു. അതിനാല്‍ നഗരത്തിന് ചുറ്റും റിംഗ് റോഡ് പോലെ പ്രവര്‍ത്തിക്കുന്ന ദേശീയ പാത 27 ലൂടെയാണ് യാത്ര പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പ്രധാന വഴികളിലൂടെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അസം സര്‍ക്കാര്‍ യാത്ര നഗരം വിട്ടുപോകാനും പകരം ഗുവാഹത്തി ബൈപാസ് ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ ദിവസം ഗുവാഹത്തിക്ക് സമീപമുള്ള വൈഷ്ണവ സന്യാസിയായ ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പൊലീസ് ഇത് തടയുകയായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര 'പ്രാണപ്രതിഷ്ഠ' ചടങ്ങിന് മുമ്പ് ക്ഷേത്രം സന്ദര്‍ശിക്കരുതെന്ന് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
'രാമക്ഷേത്രവും ബടദ്രവ സത്രവും തമ്മില്‍ മത്സരമുണ്ടെന്ന് ഒരു ധാരണ സൃഷ്ടിക്കരുതെന്ന് രാഹുലിനോട് അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. മൂന്ന് മണിക്ക് മുമ്പ് രാഹുല്‍ ഗാന്ധിയെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീകോവിലിന്റെ മാനേജിംഗ് കമ്മിറ്റിയും അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു രാഹുലിനെ തടഞ്ഞത്. ഇതോടെ രാഹുല്‍ ഗാന്ധി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
തന്നെ മാത്രം എന്തിനാണ് പൊലീസ് തടയുന്നത് എന്നും രാഹുല്‍ ചോദിച്ചിരുന്നു. അതേസമയം ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ യാത്രയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യാത്ര അസമില്‍ പ്രവേശിച്ചതു മുതല്‍, ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി തന്റെ ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളുടെ വാഹനവ്യൂഹങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും നേതാക്കന്മാര്‍ക്കും നേരെ നിരന്തരമായ ആക്രമണം നടത്തുകയാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബി ജെ പി സഖ്യ സര്‍ക്കാരുള്ള മേഘാലയയിലും രാഹുല്‍ ഗാന്ധിയുടെ യാത്ര തടസപ്പെട്ടിരുന്നു.












Click it and Unblock the Notifications