പൗരത്വ ഭേദഗതി നിയമം: അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അസം മുഖ്യമന്ത്രി
ഗുവാഹത്തി: അസമിലെ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അക്രമാസക്തരായ പ്രതിഷേധക്കാരോട് വിട്ടുവീഴ്ചയില്ലെന്നാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സൊനോവല്‍ വ്യക്തമാക്കിയത്. ജനാധിപത്യ പ്രക്രിയയില്‍ അക്രമത്തിന് സ്ഥാനമില്ല. അതിനാല്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ സ്വദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നീക്കമാണ് ഞങ്ങള്‍ നടത്തുന്നത്. അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മക്കളോട് ആവശ്യപ്പെടാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളോടും ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ അക്രമം വച്ചുപൊറുപ്പിക്കില്ല. നാശം വിതക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങളോടും ജനാധിപത്യ പ്രക്രിയയോടും എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാഹചര്യം വഷളാക്കുന്നതിനായി ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ ശ്രമിക്കുന്നത് സ്വദേശികളായ ജനങ്ങളുടെ അവകാശം സംരക്ഷിക്കാനാണ്. അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് ക്ഷതമേല്‍ക്കരുതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെ അസമില്‍ വന്‍ തോതിലുള്ള അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഡുകള്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ ടയറുകള്‍ക്ക് തീയിടുകയായിരുന്നു. വാഹനങ്ങള്‍ക്ക് നേര്‍ക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകളും എംഎല്‍എമാരുടെ വീടുകളുമാണ് തീയിട്ട് നശിപ്പിച്ചത്. സൊനൊവലിലെ ചില വീടുകളും ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു.
ഭേദഗതി വരുത്തിയ പൗരത്വ നിയമത്തില്‍ ഭയപ്പെടേണ്ടതില്ല. പാരമ്പര്യ സംസ്കാരം, ഭാഷ. രാഷ്ട്രീയം ഭൂമിയുടെ അവകാശങ്ങള്‍ അസം അക്കോര്‍ഡിന്റെ ആറാമത്തെ ക്ലോസില്‍ സുരക്ഷിതമാക്കപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. അസമിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായി ജസ്റ്റിസ് ബിപ്ലബ് ശര്‍മയ്ക്ക് കീഴില്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറാം അനുഛേദത്തിലെ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായി നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
അസമില്‍ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് വെടിവെയ്പിലാണ് രണ്ട് മരണം. ഗുവാഹത്തി, ദിബ്രുഗര്‍, തേസ്പൂര്‍, ദേക്കിയാജുലി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജോര്‍ഹട്ട്, ഗോലാഘട്ട്, ടിന്‍സുക്കിയ തുടങ്ങിയ ജില്ലകളില്‍ കഴിഞ്ഞ രാത്രി ദിവസം രാത്രി തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.












Click it and Unblock the Notifications