'ഞങ്ങള്‍ക്ക് അഞ്ച് വര്‍ഷം കൂടി തരൂ'; യൂണിഫോം സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് അമിത് ഷാ
യൂണിഫോം സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസമിലെ ഗോള്‍പാറ ജില്ലയിലെ ദുധ്നോയിയില്‍ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിഫോം സിവില്‍ കോഡ് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നാല് തവണ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ഗോത്ര വികസനത്തിനായി സമഗ്രമായ ഒരു റോഡ്മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്റെ പൂര്‍ണ്ണമായ നടപ്പാക്കല്‍ സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. അത് മുന്നോട്ട് കൊണ്ടുപോകുന്നതിനും നടപ്പിലാക്കുന്നതിനും ബിജെപിക്ക് വോട്ട് ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന് ആദ്യത്തെ ഗോത്ര വനിതാ രാഷ്ട്രപതിയെ ലഭിച്ചത് മോദിയുടെ നേതൃത്വത്തിലാണെന്നും ഗോത്ര സമൂഹങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ പ്രതിഫലനമാണിത് എന്നും അദ്ദേഹം പറഞ്ഞു. 'കോണ്‍ഗ്രസ് ഒരിക്കലും ഒരു ആദിവാസി സ്ത്രീയെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കിയില്ല, പക്ഷേ മോദി അത് മാറ്റി, ദ്രൗപതി മുര്‍മു രാജ്യത്തിന്റെ പ്രഥമ പൗരയായി,' അദ്ദേഹം പറഞ്ഞു.
ഗോത്ര പ്രദേശങ്ങള്‍ യുസിസിയുടെ പരിധിക്ക് പുറത്തായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാര്‍ ഗാരോ ഹില്‍സ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലില്‍ രാഷ്ട്രീയ സ്വാധീനം നേടാന്‍ 'ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ച്' ശ്രമിച്ചതായും ഇത് അശാന്തിയിലേക്ക് നയിച്ചതായും അദ്ദേഹം ആരോപിച്ചു. അയല്‍ സംസ്ഥാനമായ മേഘാലയയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
'ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ട് ഗാരോ കൗണ്‍സിലില്‍ അധികാരം പിടിച്ചെടുക്കാന്‍ നുഴഞ്ഞുകയറ്റക്കാര്‍ ശ്രമിച്ചു, ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു,' അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ബിജെപിയുടെ നിലപാട് ആവര്‍ത്തിച്ച അമിത് ഷാ, വീണ്ടും അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടി ഇതിന് വേണ്ടി നിര്‍ണായകമായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു.
'അസമില്‍ ഞങ്ങള്‍ക്ക് അഞ്ച് വര്‍ഷം കൂടി തരൂ, നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്തില്‍ നിന്ന് ഞങ്ങള്‍ ഒഴിവാക്കി അവരെ തിരിച്ചയക്കും,' അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നഷ്ടപ്പെട്ട സ്ഥാനം തിരിച്ചുപിടിച്ചാല്‍ അസ്ഥിരത തിരിച്ചെത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി., അസമില്‍ ബിജെപി സമാധാനം പുനഃസ്ഥാപിച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അവകാശപ്പെട്ടു. അസമില്‍ ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കും, മെയ് 4 നാണ് വോട്ടെണ്ണല്‍.


Click it and Unblock the Notifications