കേരളത്തിൽ നിന്നെത്തിയ അസം സ്വദേശിക്ക് ലക്ഷണങ്ങൾ: അസമിൽ 800 പേർ നിരീക്ഷണത്തിൽ
ഗുവാഹത്തി: കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ അസം സ്വദേശി ആശുപത്രിയിൽ. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങളോടെ ഇയാളെ അസമിലെ ബിശ്വനാഥ് ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച രാത്രിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഞായറാഴ്ച രാവിലെ ഇയാളെ തേസ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിൽ നിന്ന് തിരിച്ചെത്തിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇയാളെ അടിയന്തരമായി ബിശ്വനാഥ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ രോഗബാധിതനെ ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.

മടങ്ങിയെത്തിയത് കേരളത്തിൽ നിന്ന്
വടക്കൻ അസമിലെ സൂത്തിയയിലെ പ്രദേശവാസിയായ ഇയാൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിൽ കഴിഞ്ഞുവരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോൾ തന്നെ പനിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ബിശ്വനാഥ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തേസ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് മെഡിക്കൽ ഓഫീസറെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ആറ് മെഡിക്കൽ കോളേജുകളിൽ
അസം സർക്കാർ സംസ്ഥാനത്തെ ആറ് മെഡിക്കൽ കോളേജുകളിൽ ഇതിനകം 48 കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളാണ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും രണ്ട് കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകളും തയ്യാറാക്കിയിട്ടുണ്ട്. അസമിലെ ആരോഗ്യ വകുപ്പ് ഇതിനകം തന്നെ 800 പേരെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സംസ്ഥാനത്ത് ഒറ്റ കൊറോണ കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.

അസമിൽ നിയന്ത്രണം
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി അസം സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസംബ്ലികൾ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു തരത്തിലുള്ള പ്രദർശനങ്ങളും അനുവദിക്കില്ല. സംസ്ഥാനത്ത് സ്കൂളുകളും, കോളേജുകളും അടച്ചിട്ടുണ്ട്. ഇതിന് പുറമേ സിനിമാ തിയേറ്റർ, ജിം, സ്വിമ്മിംഗ് പൂൾ എന്നിവയും മാർച്ച് 29 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. സിബിഎസ് സി ബോർഡ് പരീക്ഷകൾ, എസ്എസ്എൽസി എന്നിവ ഒഴികെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

ഇന്ത്യയിലെത്തിയത് 218 പേർ
ഇറ്റലിയിൽ നിന്ന് ഒഴിപ്പിച്ച 218 ഇന്ത്യക്കാരെ ദില്ലി ഛാവ് ലയിലെ ഐടിബിപി ക്യാമ്പിലേക്കാണ് മാറ്റുക. കൊറോണ നാശം വിതച്ച ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിച്ചത്. ദില്ലി വിമാനത്താവളത്തിലെത്തിച്ച ഇവരെ ഇന്ത്യ- ടിബറ്റൻ അതിർത്തിയിലുള്ള പോലീസ് ക്യാമ്പിലേക്കാണ് മാറ്റിയിട്ടുള്ളത്.

രോഗബാധിതരുടെ എണ്ണത്തിൽ വർധനവ്
രാജ്യത്ത് ഇതിനകം 107 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 31 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനിടെ മഹാരാഷ്ട്ര പോലീസ് സംസ്ഥാനത്തിനകത്തും മറ്റ് രാജ്യങ്ങളിലേക്കും സംഘമായി സഞ്ചരിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. മാർച്ച് 31 വരെയാണ് വിലക്ക് പ്രാബല്യത്തിലുള്ളത്. ഉത്തരവ് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കാണ് കർശന നിർദേശം. കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതോടെ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications