അസമിലും ബംഗാളിലും കനത്ത പോളിങ് ;ബംഗാളില്‍ വ്യാപക അക്രമം
കൊല്‍ക്കത്ത: തിങ്കളാഴ്ച്ച പോളിങ് നടന്ന ബംഗാളിലും അസമിലും കനത്ത പോളിങ് രേഖപ്പെടുത്തി.അവസാന ഘട്ട വോട്ടെടുപ്പ് നടന്ന അസാമില്‍ 82.02 ശതമാനവും രണ്ടാം ഘട്ട വോട്ടെടുപ്പു നടന്ന ബംഗാളില്‍ 79.51 ശതമാനവുമാണ് പോളിങ്. ബംഗാളില്‍ 31 സീറ്റുകളിലേക്കും അസമില്‍ 61 സീറ്റുകളിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് അസമില്‍ 1985 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കഴിഞ്ഞദിവസമായിരുന്നു.79.21 ശതമാനമായിരുന്നു അന്നു പോളിങ്.
ബംഗാളില്‍ പരക്കെ അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ ഒറ്റപ്പെട്ട അക്രമങ്ങളില്‍ വയോധികന്‍ മരിച്ചതൊഴിച്ചാല്‍ അസമില്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.ബാര്‍പേട്ട ജില്ലയിലെ പോളിങ് സ്‌റ്റേഷനില്‍ ക്യുവില്‍ നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കത്തിലാണ് ഇയാള്‍ മരിച്ചത്.മൂന്നു പേര്‍ക്ക് പരിക്കേറ്റു.

വോട്ടെടുപ്പ് നിയമങ്ങള്‍ ലംഘിച്ച് പത്രസമ്മേളനം നടത്തിയതിന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയിക്കെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ കേസെടുത്തു.ബാരപെറ്റ ജില്ലയിലെ സോര്‍ബോഗില്‍ അക്രമാസക്തരായ വോട്ടര്‍മാരും ജവാന്മാരും തമ്മില്‍ ഏറ്റമുട്ടി.കാമരൂപ് ജില്ലയില്‍ ഗര്‍ഭിണിയോട് അപമര്യാദയായി പെരുമാറിയ സി.ആര്‍.പി.എഫ് ജവാനെ ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കി.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ദിസ്പൂരില്‍ വോട്ടു രേഖപ്പെടുത്തി.
ബംഗാളില്‍ പോളിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ്സ്-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.ബര്‍ദ്ദന്‍ ജില്ലയിലെ ജമൂറിയയില്‍ ബൂത്തിലെത്തിയ സി.പി.എം പോളിങ് ഏജന്റിനെ തൃണമൂര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.ബാങ്കുര ജില്ലയില്‍ സി.പി.എം പോളിങ് ഏജന്റിനെ മുഖംമൂടി ധരിച്ചെത്തിയ ആള്‍ ആക്രമിച്ചു.തൃണമൂല്‍ പ്രവര്‍ത്തകരില്‍ ചിലര്‍ ബൂത്തുകള്‍ക്കു മുന്നില്‍ തോക്കുകളുമായി നില്‍ക്കുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.സ്ഥാനാര്‍ത്ഥിയും സി.പി.എം സെക്രട്ടറിയുമായ സൂര്യകാന്ത മിശ്രയെ ഒന്നിലേറെ സ്ഥലങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി.
കേശ്പൂര്‍,പാണ്ഡവേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളിലും വ്യാപക അക്രമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.അനുമതിയില്ലാതെ ബൂത്തില്‍ കയറിയതിന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാബ് അലിയെ കേന്ദ്ര സേന ഇറക്കിവിട്ടു.പല ബൂത്തുകളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നുസി.പി.എം കോണ്‍ഗ്രസ്സ് നേതാക്കള്‍ പരാതിപ്പെട്ടു.ബര്‍ദ്ദന്‍ ജില്ലയിലെ പാണ്ഡവേശ്വര്‍ മണ്ഡലത്തില്‍ പോളിങ് ഓഫീസര്‍ പരിമള്‍ ബൗര്‍ കുഴഞ്ഞുവീണ് മരിച്ചത് കുറച്ചു സമയം വോട്ടിങ് തടസ്സപ്പെടുത്തി.












Click it and Unblock the Notifications