സൈനികരെ ആക്രമിച്ച് കൊള്ളയടിച്ചു, വനിതാ സുഹൃത്തിനെ ബലാത്സംഗം ചെയ്തു; രണ്ട് പേർ കസ്റ്റഡിയിൽ
ഭോപ്പാല്‍: സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ച് ഒപ്പമുണ്ടായിരുന്ന വനിത സുഹൃത്തുക്കളിലൊരാളെ കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലെ ജാം ഗേറ്റിന് സമീപം ബുധനാഴ്ചയാണ് അതിക്രൂരമായ സംഭവം നടന്നത്. തോക്കിൻമുനയിൽ നിർത്തിയാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ രണ്ട് പേരെ പിടികൂടിയതായി അഡീഷ്ണൽ എസ്പി രൂപേഷ് ദ്വിവേദി അറിയിച്ചു. ആറ് പേരെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.
മോവ് ആര്‍മി കോളേജിലെ 4 ട്രെയിനി സൈനികരാണ് ആക്രമിക്കപ്പെട്ടത്. വനിതാ സുഹൃത്തുക്കള്‍ക്കൊപ്പം ഛോട്ടി ജാമിന് സമീപമുള്ള ഫയറിങ് റെയ്ഞ്ച് കാണാൻ പോയതായിരുന്നു ഇവർ. പുലർച്ചെ രണ്ടരയോടെ ഉദ്യോഗസ്ഥരിൽ ഒരാളും വനിത സുഹൃത്തും കാറിലിരിക്കെ 7 അംഗ കൊള്ളസംഘം ഇവർക്കരികിൽ എത്തുകയായിരുന്നു. ബഹളം കേട്ട് മറ്റുള്ളവർ ഓടിയെത്തിയെങ്കിലും തോക്കിൻ മുനയിൽ നിർത്തി കൊള്ളസംഘം ഇരുവരേയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇരുവരേയും വിട്ട് നൽകണമെങ്കിൽ 10 ലക്ഷം വേണമെന്ന് കൊള്ളസംഘം ആവശ്യപ്പെട്ടു. ഇതിനിടയിൽ ഉദ്യോഗസ്ഥരിൽ ഒരാൾ മുതിർന്ന ആർമി ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഇദ്ദേഹം ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും അക്രമികൾ കാട്ടിലേക്ക് രക്ഷപ്പെട്ടു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ട നാല് പേരേയും സിവിൽ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ പരിശോധനയിലാണ് യുവതി കൂട്ടബലാത്സംഗത്തി്ന ഇരയായതായി കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമി സംഘം കൊള്ളയടിച്ചതായി പരാതിയിൽ പറയുന്നുണ്ട്. പ്രതികൾക്കായി തിരച്ചിൽ വ്യാപകമാക്കിയതായി പോലീസ് അറിയിച്ചു.


Click it and Unblock the Notifications