കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങൾ മാത്രം; കേരളത്തിലടക്കം ദയനീയ പരാജയമാകുമെന്ന് മോദി
കോൺഗ്രസ് എന്നാൽ നുണകൾ, ആശയക്കുഴപ്പം, അസ്ഥിരത, അക്രമം, അഴിമതി എന്നിവയാണെന്ന് മോദി പരിഹസിച്ചു
ഗോലഘട്ട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലടക്കം കോൺഗ്രസ് ദയനീയ പരാജയം നേരിടുമെന്ന് അസമിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുത്തുകൊണ്ട് മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികകളെ വിമർശിച്ചുകൊണ്ടായിരുന്നു കോൺഗ്രസിനെതിരെ നരേന്ദ്ര മോദി കടന്നാക്രമിച്ചത്.

"ശൂന്യമായ പണപ്പെട്ടി നിറയ്ക്കാൻ എന്തുവിലകൊടുത്തും അസമിൽ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്ന കൊള്ള എൻജിൻ ആണ് കോൺഗ്രസ്. വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് കോൺഗ്രസ് നൽകിയിട്ടുള്ളത്. കേന്ദ്രത്തിലും സംസ്ഥാനത്തും ഒരേസമയം അധികാരത്തിൽ ഇരുന്നപ്പോൾ പോലും കോൺഗ്രസ് വാക്കു പാലിച്ചിട്ടില്ല." മോദി പറഞ്ഞു.
Recommended Video

കോൺഗ്രസ് എന്നാൽ നുണകൾ, ആശയക്കുഴപ്പം, അസ്ഥിരത, അക്രമം, അഴിമതി എന്നിവയാണെന്ന് മോദി പരിഹസിച്ചു. തൊഴിൽ നൽകുമെന്നും സ്ത്രീ ശാക്തികരണം നടപ്പാക്കുമെന്നും പൊള്ളയായ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകിയത്. മാത്രമല്ല, ഇരട്ട അവഗണന, ഇരട്ട അഴിമതി, ഇരട്ട നുഴഞ്ഞുകയറ്റം എന്നിവ മാത്രമാണ് അവർ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലുണ്ടായിരുന്നപ്പോൾ സംഭവിച്ചതെന്നും മോദി പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് ആളുകളുടെ ആശങ്ക അസം ബോംബ് സ്ഫോടനങ്ങളും അക്രമണങ്ങളുമൊന്നുമില്ലാത്ത നാടാകുമോയെന്നാണ്. എന്നാൽ എൻഡിഎ സർക്കാർ സംസ്ഥാനത്ത് സമാധാനവും സുസ്ഥിരതയും ഉണ്ടെന്ന് ഉറപ്പുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സഖ്യത്തെയും മോദി വിമർശിച്ചു. ബംഗാളിൽ ഒരുമിച്ച് മത്സരിക്കുന്ന കോൺഗ്രസും ഇടതുപക്ഷവും കേരളത്തിൽ പരസ്പരം മത്സരിക്കുകയാണ്. അസമിലും കേരളത്തിലും ബംഗാളിലും വർഗീയശക്തികളുമായിട്ടാണ് കോൺഗ്രസ് കൂട്ടുകൂടിയിരിക്കുന്നതെന്നും മോദി ആരോപിച്ചു.












Click it and Unblock the Notifications