ദേശിയത, നല്ല ഭരണം : തുടർഭരണത്തിൽ പ്രതികരിച്ച് യോഗി ആദിത്യനാഥ്
ലഖ്‌നൗ : ഉത്തർപ്രദേശിലെ മികച്ച ഭരണത്തിനും ദേശിയതക്കുമാണ് ജനം വോട്ടു ചെയ്‌തതെന്ന് യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഏവരുടെയും കണ്ണുകൾ ഉത്തർപ്രദേശിലേക്ക് ആയിരുന്നുവെന്നും സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് ചെയ്‌ത ഓരോ പൗരനും നന്ദി അറിയിക്കുന്നുവെന്നും വിജയം ഉറപ്പച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും ഇതൊരു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം കൊവിഡ് കാലത്ത് വിവാദങ്ങൾ സൃഷ്‌ടിക്കുകയായിരുന്നുവെന്നും എന്നാൽ ബിജെപി കൃത്യതയോടെയാണ് പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ വീണ്ടും വിജയിപ്പിച്ചതോടെ സംസ്ഥാനത്തെ സദ്ഭരണത്തെ ജനം വീണ്ടും അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

യുപിയിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച അഖിലേഷ് യാദവിന്റെ സമാജ്‌വാദ് പാർട്ടിക്ക് വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി ആദിത്യനാഥ് കേരളീയ സമൂഹത്തെപ്പറ്റി നടത്തിയ പല പരാമർശങ്ങളും വിവാദമായിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഉത്തർ പ്രദേശിൽ വീണ്ടും ബിജെപി സർക്കാർ ഭരണത്തിൽ വരുന്നത്.
അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിലുമുണ്ടായ തോൽവിയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതിയുടെ അടിയന്തരയോഗം വിളിക്കുമെന്ന് എഐസിസി മാധ്യമവക്താവ് അറിയിച്ചു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ലെന്നും ജനങ്ങൾക്കായി തുടർന്നും കോൺഗ്രസ് പ്രവർത്തിക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം രൺദീപ് സുർജെവാല പ്രതികരിച്ചത്.
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും വൻ പരാജയമാണ് കോൺഗ്രസിന് സംഭവിച്ചത്. കോൺഗ്രസ് തുടർഭരണം പ്രതീക്ഷിച്ചിരുന്ന പഞ്ചാബിൽ അപ്രതീക്ഷിതമായാണ് ആംആദ്‌മി പാർട്ടിയുടെ ഉഗ്രൻ വിജയം സംഭവിച്ചത്. കോൺഗ്രസിന്‍റെയും ശിരോമണി അകാലിദളിന്‍റെയും പ്രമുഖ നേതാക്കന്മാർപോലും ആംആദ്‌മി പാർട്ടി സ്ഥാനാർഥികളോട് പരാജയം സമ്മതിച്ചു. ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി ഭരണം ഊട്ടിയുറപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപി വൻ വിജയം പ്രവചിച്ചിരുന്നു. ഉത്തർപ്രദേശിൽ തുടർഭരണം സംഭവിക്കുമെന്നും മിക്ക പോളുകളും സൂചന നൽകിയിരുന്നു. ഉത്തർ പ്രദേശിൽ കോൺഗ്രസിന് 1985ലാണ് ഇതിന് മുമ്പ് തുടർ ഭരണം ലഭിച്ചത്. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications