'മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഉറപ്പ്, തെലങ്കാനയില്‍ തരംഗം'; അഞ്ചിടത്തും കോണ്‍ഗ്രസ് ജയിക്കുമെന്ന് കെസി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ ഫലമായിരിക്കും എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെലങ്കാനയിലേത് കെ ചന്ദ്രശേഖര റാവുവിന്റെ സര്‍ക്കാരിനെതിരായ വിധിയെഴുത്താകും എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തങ്ങള്‍ ഉറപ്പായും സര്‍ക്കാരുണ്ടാക്കും എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മിസോറാമില്‍ തങ്ങളുടേതായ പങ്കാളിത്തമുള്ള സര്‍ക്കാരുണ്ടാകും. ഞങ്ങള്‍ തന്നെ സര്‍ക്കാരിനെ നയിക്കും എന്നാണ് വിശ്വാസം, കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ അതിശക്തമായ കോണ്‍ഗ്രസ് അനുകൂല തരംഗമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

'ഫീല്‍ഡില്‍ പോകുമ്പോള്‍ മനസിലാകുന്നത് ഇക്കുറി കോണ്‍ഗ്രസിന് അനുകൂലമാണ് എന്നാണ്. അര്‍ബന്‍ ഏരിയയില്‍ പിന്തുണയുണ്ട്. റൂറല്‍ ഏരിയയില്‍ അത് വളരെ കൂടുതലാണ്. 10 കൊല്ലത്തെ കെ സി ആറിന് എതിരായ തരംഗമുണ്ട്. കോണ്‍ഗ്രസിന് അനുകൂലമാണ് അത്. തെലങ്കാന നല്‍കിയത് കോണ്‍ഗ്രസാണ്, സോണിയ ഗാന്ധിയാണ് എന്ന വികാരം ഇത്തവണ ജനങ്ങള്‍ കാത്തുസൂക്ഷിക്കും,' കെ സി വേണുഗോപാല്‍ പറഞ്ഞു.
ബുദ്ധിമുട്ടില്ലാതെ തെലങ്കാനയില്‍ കോണ്‍ഗ്രസ് ജയിച്ച് കയറും എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണ തിരഞ്ഞെടുപ്പ് നയം ഞങ്ങള്‍ മാറ്റിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പ് തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഗ്രൗണ്ട് റിയാലിറ്റി മനസിലാക്കാനുള്ള പഠനങ്ങള്‍ നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ലഭിക്കാത്തവരെ വിളിച്ച് സാഹചര്യം വിശദീകരിച്ചെന്നും അത് ഒരു പരിധിവരെ വിജയം കണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമതരുടെ ഭീഷണി തെലങ്കാനയില്‍ ഇല്ല എന്നും അദ്ദേഹം അവകാശപ്പെട്ടു. പട്ടികജാതി പട്ടിക വര്‍ഗ, ന്യൂനപക്ഷം ഇവരെയൊക്കെ കെ സി ആര്‍ ദുരുപയോഗപ്പെടുത്തുകയാണ്. കെ സി ആറും ബി ജെ പിയും തമ്മില്‍ വ്യക്തമായ ധാരണയുണ്ട്. പാര്‍ലമെന്റിലെ പ്രധാനപ്പെട്ട ബില്ലുകളില്‍ എല്ലാം ബി ജെ പിയെ പിന്തുണച്ച പാര്‍ട്ടിയാണ് കെ സി ആറിന്റേത്.
നാളെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ആദ്യം സഹായിക്കാന്‍ പോകുന്നത് കെ സി ആറിന്റെ പാര്‍ട്ടിയായിരിക്കും എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. തെലങ്കാനയില്‍ സി പി ഐ കൊടുത്ത ഓഫര്‍ സി പി എമ്മിനും കൊടുത്തിരുന്നതാണ് എന്നും എന്നാല്‍ സി പി എം തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ് എന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. താന്‍ ആലപ്പുഴയില്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല വിഷയം എന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications