ഈ വര്‍ഷം കോണ്‍ഗ്രസ് ഇല്ലാതാകുമോ? അതോ ബിജെപി വീഴുമോ... നിര്‍ണായക തിരഞ്ഞെടുപ്പുകള്‍
ന്യൂഡല്‍ഹി: ഈവര്‍ഷം സുപ്രധാന തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. മിക്കയിടത്തും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് നേരിട്ടുള്ള മല്‍സരം. നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ വജ്രായുധം. മോദിയല്ലാതെ മറ്റാരും ബിജെപിക്ക് മുന്നില്‍ നില്‍ക്കാനില്ല എന്ന വെല്ലുവിളിയുണ്ട്. ഭാരത് ജോഡോ യാത്രയില്‍ ശക്തി പകര്‍ന്ന കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തേര് തെളിക്കും.
കോണ്‍ഗ്രസ് ഭരണത്തിലും പ്രതിപക്ഷത്തുമുള്ള സുപ്രധാന സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരുന്നത്. പരാജയപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടേണ്ടിവരും. വിശദാംശങ്ങള്‍ ഇങ്ങനെ...

2024 ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. രാജ്യം തുടര്‍ന്നും ഭരിക്കാന്‍ ജനങ്ങള്‍ അനുവദിക്കുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ മതനിരപക്ഷേ കക്ഷികളുടെ ഭാഗത്ത് ഐക്യനിര കെട്ടിപ്പടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും എത്രതോളം വിജയം കാണുമെന്ന് നിലവില്‍ ഉറപ്പിക്കാനാകില്ല. ഈ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഈ വര്‍ഷത്തെ 9 നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിലയിരുത്തപ്പെടുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ആദ്യം നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നത്. 2018ല്‍ ബിജെപി അട്ടിമറി വിജയം നേടിയ ത്രിപുര, ബിജെപിക്ക് അധികാര പങ്കാളിത്തമുള്ള നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. മറ്റൊരു വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നവംബറിലാണ് തിരഞ്ഞെടുപ്പ്. ഇവിടെ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടുമാണ് ഏറ്റുമുട്ടുക.

മെയ് മാസത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ബിജെപിയാണ് ഭരണം നടത്തുന്നത്. കോണ്‍ഗ്രസ് പ്രതിപക്ഷത്ത്. ജെഡിഎസ് പലപ്പോഴും കറുത്ത കുതിരയാകുന്ന സംസ്ഥാനം കൂടിയാണ് കര്‍ണാടക. 2018ല്‍ ബിജെപിയാണ് വലിയ കക്ഷിയായത്. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സഖ്യത്തിലെ എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതാണ് രാഷ്ട്രീയ ചിത്രം.

തെലങ്കാനയാണ് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനം. പ്രാദേശിക കക്ഷിയായ ടിആര്‍എസ് ആണ് ഭരണകക്ഷി. അടുത്തിടെ പാര്‍ട്ടി ഭാരത് രാഷ്ട്ര സമിതി എന്ന് പേര് മാറ്റിയിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും പ്രതിപക്ഷത്താണ്. ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങൡലാണ് തിരഞ്ഞെടുപ്പ് നടക്കുക.

മധ്യപ്രദേശ് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മറ്റൊരു സംസ്ഥാനം. നവംബര്‍-ഡിസംബര്‍ കാലയളവിലാകും ഇവിടെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഭരണം നേടിയ സംസ്ഥാനമാണിത്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയതോടെ ഭരണം ബിജെപി പിടിച്ചു. ഇത്തവണയും കോണ്‍ഗ്രസും ബിജെപിയുമാണ് നേരിട്ട് ഏറ്റുമുട്ടുന്നത്.

കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ഈ വര്‍ഷമാണ് തിരഞ്ഞെടുപ്പ്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാകും പോരാട്ടം. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതാനും സംസ്ഥാനങ്ങളില്‍ രണ്ടെണ്ണമാണിത്. ഇവിടെ ഭരണം പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇപ്പോള്‍ തന്നെ ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് നിലനില്‍ക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയിലൂടെ ഭിന്നത മാറി എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ഭിന്നിച്ചാല്‍ ബിജെപി ജയിക്കും. അതോടെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപിക്ക് മുമ്പില്‍ ശക്തമായ എതിരാളിയില്ലാതെയാകും. അതുകൊണ്ടുതന്നെ ബിജെപിയേക്കാള്‍ കോണ്‍ഗ്രസിനാണ് ഈ വര്‍ഷം ഏറെ പ്രധാനം.












Click it and Unblock the Notifications