മോദി മന്ത്രിസഭ 'വികസിക്കും'; അമിത് ഷായുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും ആര്?
ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിന് പിന്നാലെ ബി ജെ പി കേന്ദ്രമന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചാല്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെ കിട്ടും എന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താന്‍ സാധ്യത ആര്‍ക്കായിരിക്കും എന്നാണ് അറിയാനുള്ളത്.
കേരളത്തില്‍ നിന്നും ബി ജെ പി ആഭിമുഖ്യമുള്ള ഒരേയൊരു എം പി ഇപ്പോള്‍ നടന്‍ സുരേഷ് ഗോപി മാത്രമാണ്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി ജെ പി കലാകാരന്മാരുടെ പട്ടികയില്‍ പെടുത്തി സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. ഒരു സീറ്റും ഏഴിടത്ത് രണ്ടാം സ്ഥാനവുമായി ബി ജെ പി മിന്നുന്ന പ്രകടനമാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ പുറത്തേടുത്തത്. ബി ജെ പിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട ബി ഡി ജെ എസിനായിരിക്കുമോ രാജ്യസഭയിലേക്കുള്ള അടുത്ത അവസരം എന്നതും പറയാനാവില്ല.

സര്‍ബാനന്ദ സോനോവാള്‍ ആസമില്‍ മുഖ്യമന്ത്രിയാകുന്നതോടെ കേന്ദ്രത്തില്‍ പുതിയ മന്ത്രി കൂടിയേ തീരു. ഇപ്പോള്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രിയാണ് സോനോവാള്‍. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമിത് ഷാ പുതിയ ടീമിനെ പ്രഖ്യാപിക്കും എന്നാണ് ദില്ലിയില്‍ നിന്നുള്ള സൂചനകള്‍. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications