ബിജെപിയോ കോണ്‍ഗ്രസോ? നാലിടത്ത് ഇന്ന് വോട്ടെണ്ണല്‍, ആദ്യഫലസൂചനകള്‍ എട്ടരയോടെ
ന്യൂദല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. ആറ് മാസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സെമി ഫൈനല്‍ എന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയപാര്‍ട്ടികള്‍ കണക്കക്കുന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബി ജെ പിയുമാണ് അധികാരത്തില്‍.
ഈ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. തെലങ്കാനയില്‍ ഭരണകക്ഷിയായ ബി ആര്‍ എസും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി ജെ പിക്കാണ് മുന്‍തൂക്കം എന്നും എക്സിറ്റ് പോള്‍ പറയുന്നു.

മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും ഛത്തീസ്ഗഡിലെ 90 സീറ്റുകളിലേക്കും തെലങ്കാനയിലെ 119 സീറ്റുകളിലേക്കും രാജസ്ഥാനിലെ 199 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനില്‍ 200 സീറ്റുകളുണ്ടെങ്കിലും ഒരു സീറ്റിലെ സ്ഥാനാര്‍ത്ഥിയുടെ മരണം കാരണം വോട്ടെടുപ്പ് മാറ്റിവെച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെ തപാല്‍ ബാലറ്റുകള്‍ ആണ് ആദ്യം എണ്ണുക.
വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. 8.30 ഓടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും. ത്രിതല സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സാധുവായ പാസ് കൈവശമുള്ളവരെ മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കൂവെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മേയില്‍ കര്‍ണാടക ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്ത ശേഷം മധ്യപ്രദേശിലും തെലങ്കാനയിലും വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഈ തെരഞ്ഞെടുപ്പുകളിലെ ശ്രദ്ധേയമായ പ്രകടനം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ രൂപീകരിച്ച പ്രതിപക്ഷ ഇന്ത്യന്‍ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വം ഒന്നുകൂടി ഉറപ്പാക്കും. അതേസമയം ഗുജറാത്തിലെ വിജയ പരമ്പര മധ്യപ്രദേശിലും ആവര്‍ത്തിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
18 വര്‍ഷത്തോളം ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്. മധ്യപ്രദേശില്‍ നാല് തവണ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന പ്രതീക്ഷയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ശ്രമിക്കുന്നതിനാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാര്‍ട്ടിക്ക് നിര്‍ണായകമാണ്. അതേസമയം എക്‌സിറ്റ് പോളുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നതിനാല്‍ കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ ഇരുപാര്‍ട്ടികളും റിസോര്‍ട്ടുകളിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications