ഡല്‍ഹി സ്വപ്‌നം കണ്ട കെസിആറിനെ വീഴ്ത്തിയത് മോദിയുടെ ആ വാക്കുകള്‍; പാതിവഴിയില്‍ ബിആര്‍എസ്
ഹൈദരാബാദ്: പത്ത് വര്‍ഷം തെലങ്കാന സംസ്ഥാനത്ത് മുഖ്യമന്ത്രിയായ വ്യക്തിയാണ് കെ ചന്ദ്രശേഖര റാവു. കെസിആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തില്‍ വരെ കണ്ണുണ്ടായിരുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായുള്ള നീക്കങ്ങളും അദ്ദേഹം നടത്തി. എന്നാല്‍ തെലങ്കാനയില്‍ തന്നെ എല്ലാം അവസാനിക്കുന്നതാണ് പുതിയ കാഴ്ച.
തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) അടുത്തിടെയാണ് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ആയി പുനര്‍ നാമകരണം ചെയ്തത്. ദേശീയ തലത്തിലേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഡല്‍ഹിയില്‍ ഓഫീസ് തുറക്കുകയും ചെയ്തു. എഎപി, സിപിഎം, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളെ കൂടെ ചേര്‍ക്കാന്‍ പലവട്ടം ചര്‍ച്ചകളും നടത്തിയിരുന്നു കെസിആര്‍.

എന്നാല്‍ എല്ലാം തകിടം മറിയുകയാണിപ്പോള്‍. മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുന്ന കെസിആറിന് ബിജെപിയുമായി ബന്ധമുണ്ട് എന്ന കോണ്‍ഗ്രസിന്റെ പ്രചാരണമാണ് തെലങ്കാനയിലെ ജനങ്ങള്‍ ഏറ്റെടുത്തത്. നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇക്കാര്യം ശരിവച്ചപ്പോള്‍ കെസിആറിന് ലഭിച്ച തിരിച്ചടിയുടെ ആഴംകൂടുകയും ചെയ്തു.
ബിജെപിയുമായി കെസിആറിന് രഹസ്യ ബന്ധമുണ്ട് എന്നായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണം. തെലങ്കാനയില്‍ ബിജെപി നേതാക്കള്‍ക്കെതിരായ കേസുകളില്‍ ശക്തമായ നടപടി എടുക്കാതിരുന്നത് കോണ്‍ഗ്രസിന് തെളിവായി ചൂണ്ടിക്കാട്ടി. എന്‍ഡിഎയില്‍ ചേരാന്‍ കെസിആര്‍ ശ്രമിച്ചിരുന്നുവെന്ന് നരേന്ദ്ര മോദി പറയുകയും കൂടി ചെയ്തതോടെ എല്ലാം പൂര്‍ത്തിയായി. ഒപ്പം ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ കെസിആറിനും മന്ത്രിമാര്‍ക്കുമെതിരെ ഉയരുകയും ചെയ്തു.
കെസിആറിന്റെ മകള്‍ കെ കവിതയ്‌ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നെങ്കിലും അവരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തയ്യാറാകാത്തതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട് എഎപി നേതാക്കളെ അറസ്റ്റ് ചെയ്തിട്ടും അതേ കേസില്‍ കവിതക്കെതിരെ നടപടിയെടുക്കാത്തത് ബിജെപി ബന്ധത്തിന്റെ തെളിവാണ് എന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം.
കെസിആറിനെ വീഴ്ത്തിയത് ബിജെപിയുടെ രഹസ്യ നീക്കമാണോ, കോണ്‍ഗ്രസിന്റെ പരസ്യപ്രചാരണമാണോ എന്ന കാര്യത്തില്‍ തെലങ്കാനയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ചേരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിലും കെസിആര്‍ അംഗമല്ല. ഫലത്തില്‍ തെലങ്കാനയില്‍ ഉദയം ചെയ്ത കെസിആര്‍ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി സംസ്ഥാനത്ത് തന്നെ ഒതുങ്ങാനാണ് സാധ്യത.












Click it and Unblock the Notifications