11 സൈനികരെ കാണാതായി; ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആശങ്ക ഇരട്ടിയാക്കി വീണ്ടും മേഘവിസ്‌ഫോടനം. 11 സൈനികരെ ഉള്‍പ്പെടെ നിരവിധി പേരെ കാണാതായി. പ്രളയം ജലത്തിനൊപ്പം ഒലിച്ചുപോയ ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിനടുത്താണ് വീണ്ടും മേഘവിസ്‌ഫോടനമുണ്ടായത്.
സൈനിക താവളത്തില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയുള്ള ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ഇന്നലെ ഉച്ചയ്ക്കാണ് ആദ്യം മേഘവിസ്‌ഫോടനം ഉണ്ടായത്. തിരമാലകള്‍ പോലെ പ്രളയജലം കുതിച്ചെത്തി വലിയ നാശമുണ്ടായി. എത്ര പേര്‍ ദുരന്തത്തില്‍ അകപ്പെട്ടു എന്നത് ഇപ്പോഴും വ്യക്തമല്ല. നൂറിലേറെ പേരെ സൈന്യം രക്ഷപ്പെടുത്തി. ഉത്തരകാശിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ സുഖ് ടോപ്പില്‍ രണ്ടാമതും മേഘവിസ്‌ഫോടനമുണ്ടായി.
നാലു പേര്‍ പ്രകൃതി ദുരന്തത്തില്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. പ്രളയാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ഡല്‍ഹിയില്‍ നിന്ന് എത്തിച്ച കെഡാവര്‍ നായ്ക്കളെ ഉപയോഗിച്ചാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. അതേസമയം, രണ്ടു തവണ മേഘവിസ്‌ഫോടനമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി.
മിന്നല്‍ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ധരാളി ഗ്രാമത്തിന്റെ ഒരു ഒരു ഭാഗം പൂര്‍ണമായും വെള്ളത്തിലും ചെളിയിലും മുങ്ങി. സുഖി ടോപ്പിലെ ദുരന്തത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ അടച്ചു. ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുറന്നു. 01374-222126, 222722, 9456556431 എന്നീ നമ്പറുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് വിളിക്കാം.

ഉത്തരകാശിയില്‍ ഇരട്ട മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് കാണാതായവരില്‍ സൈനികരും ഉള്‍പ്പെട്ടതായി വിവരം. 11 സൈനികരെ കാണാതായതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹര്‍സില്‍ ആര്‍മി ബേസ് ക്യാമ്പിനെ മിന്നല്‍ പ്രളയം ബാധിച്ചതായാണ് അറിയുന്നത്. രണ്ടാമതുണ്ടായ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമാണ് ആര്‍മി ക്യാമ്പിനെ ബാധിച്ചത്.
ഇന്ത്യന്‍ സൈന്യം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി), എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
അതേസമയം ദുരന്തഭൂമിയില്‍ കൂടുതല്‍ സൈന്യത്തെയെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ച് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് ആദ്യ മേഘവിസ്‌ഫോടനമുണ്ടായത്. ബഹുനില കെട്ടിടങ്ങളെയും വീടുകളെയുമെല്ലാം തൂത്തെറിഞ്ഞാണ് പ്രളയജലം ധരാളി ഗ്രാമത്തെ മുക്കി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളടക്കം ഒഴുകിപ്പോയി. അടുത്തുതന്നെ വിനോദ സഞ്ചാര കേന്ദ്രമുള്ളതിനാല്‍ പ്രദേശത്ത് നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടായിരുന്നു. ഇവയെല്ലാം ഒലിച്ചുപോയി.












Click it and Unblock the Notifications