ഇന്ത്യക്കാരന്റെ ചിത്രത്തിന് 23 കോടി രൂപ
മുംബൈ: ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ചിത്രകാരന് എന്ന ഖ്യാതി ഇത്രനാളും എസ് എച്ച് റാസക്കായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആ സ്ഥാനം മുംബൈക്കാരനായ വിഎസ് ഗൈടോണ്ട് ഏറ്റെടുത്തു.
ഇന്ത്യന്‍ കലാ വിപണിയില്‍ ഇതുവരെ വില്ക്കപ്പെട്ട ഏറ്റവും വിലകൂടി ചിത്രം ഇനിമുതല്‍ ഗൈടോണ്ടിന്റേതായിരിക്കും. പേരിടാത്ത ചിത്രത്തിന് കിട്ടിയ വില 23.7 കോടി രൂപയാണ്. എസ് എച്ച് റാസയുടെ ചിത്രമായ 'സൗരാഷ്ട്ര' 2010ല്‍ വിറ്റ് പോയത് 16.4 കോടി രൂപക്കായിരുന്നു.
വിഎസ് ഗൈടോണ്ട് എന്നറിയപ്പെടുന്ന വസുദേവ് എസ് ഗൈടോണ്ട് മഹാരാഷ്ട്രയിലാണ് ജനിച്ചതും വളര്‍ന്നതും. മതാപിതാക്കള്‍ ഗോവക്കാരായിരുന്നു. 2001 ല്‍ ഇദ്ദേഹം അന്തരിച്ചു. 1971 ല്‍ രാഷ്ട്രം ഇദ്ദേഹത്തെ പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്. ഇന്ത്യന്‍ അബ്സ്ട്രാക്ട് ആര്‍ട്ടിന്റെ തല തൊട്ടപ്പന് എന്ന് വേണമെങ്കില്‍ ഗൈടോണ്ടിനെ വിശേഷിപ്പിക്കാം.ഇന്ത്യയുടെ റോത്ത്കോ എന്നാണ് ഗൈടോണ്ട് അറിയപ്പെടുന്നത്.
2002 മുതലാണ് ഇന്ത്യയിലെ കലാവിപണി ശരിക്കും പണമൊഴുക്കിന്റെ മേഖലയായത്. തെയ്ബ് മേത്ത എന്ന കലാകാരനില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് 2008 ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ കലാ വിപണിയും പെട്ടുപോയി. അതിന് ശേഷം 2010 റാസയുടെ ചിത്രത്തിന്റെ വില്പനയാണ് വാര്‍ത്തയായത്.
ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലേല കമ്പനിയായ ക്രിസ്റ്റീസ് ഇന്ത്യയില്‍ നടത്തിയ ആദ്യ ലേലത്തില്‍ ആണ് ഗൈടോണ്ടിന്റെ ചിത്രം റെക്കോര്‍ഡ് വിലക്ക് വിറ്റ് പോയത്. തെയ്ബ് മേത്തയുടെ 'മഹിഷാസുര' എന്ന ചിത്രത്തിന് 17.5 കോടി രൂപ വില കിട്ടി. മുംബൈയിലെ താജ്മഹല്‍ ഹോട്ടില്‍ വച്ചായിരുന്നു ലേലം.