ശിവസേന എന്തിനാണ് യു ടേണ്‍ അടിച്ചത്, ബാല്‍ താക്കറെ പറഞ്ഞത് മറന്നോ? ചോദ്യങ്ങളുമായി അത്തവാലെ
മുംബൈ: പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കുമതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ. ശിവസേന പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും കൃത്യമായ നിലപാടെടുക്കാതെ മാറി നില്‍ക്കുകയാണ്. ബാല്‍ താക്കറെയുടെ കാലത്ത് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അവര്‍ യൂ ടേണ്‍ അടിച്ചിരിക്കുകയാണ്. ഇത് അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടിയാണോ എന്നും അത്തവാലെ ചോദിച്ചു.

എന്‍ആര്‍സി കൊണ്ട് ആരും ഭയപ്പെടേണ്ട കാര്യമില്ല. അത് അസമില്‍ മാത്രമുള്ള കാര്യമാണ്. ജനങ്ങളെ കോണ്‍ഗ്രസും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ പൗരത്വ നിയമത്തില്‍ ഭയപ്പെടേണ്ട കാര്യമില്ല. അവര്‍ എന്തുകൊണ്ടും സുരക്ഷിതരാണ്. മുസ്ലീങ്ങളെയും ആദിവാസികളെയും കോണ്‍ഗ്രസ് ഭയപ്പെടുത്തുകയാണ്. കൃത്യമായ രേഖയില്ലെങ്കില്‍ അവരുടെ പൗരത്വം നഷ്ടമാക്കുമെന്ന ഭയമാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും അത്തവാലെ പറഞ്ഞു.
എന്‍ആര്‍സി അസമിന് പുറത്തേക്ക് നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും അത്തവാലെ പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍ആര്‍സിയുടെ കാര്യത്തില്‍ നിയമ മന്ത്രി രവിശങ്കര്‍ പ്രസാദും നിലപാട് വ്യക്തമാക്കിയിരുന്നു. എന്‍ആര്‍സി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അത് എപ്പോഴാണോ നടപ്പാക്കുന്നത് അപ്പോള്‍ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അതേസമയം സംസ്ഥാനങ്ങളോട് ഇക്കാര്യത്തില്‍ നിര്‍ദേശം തേടും. എന്നാല്‍ ഇപ്പോള്‍ അത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇവിടെ ഒരിക്കുന്ന ഒരാള്‍ പോലും എന്‍ആര്‍സി വരുന്നത് കൊണ്ട് ഭയപ്പെടേണ്ട കാര്യമില്ലെന്ന് അത്തവാലെ പറഞ്ഞു. മുമ്പ് നിയമത്തെ പിന്തുണച്ചവര്‍ ഇന്ന് അതിനെ തള്ളിപറയുന്നു. അവര്‍ അധികാരത്തിനായി യു ടേണ്‍ അടിച്ചെന്നും അത്തവാലെ ആരോപിച്ചു. ശിവസേനയെ പരിഹസിച്ചായിരുന്നു പരിഹാസം.












Click it and Unblock the Notifications