ആതിഖ് അഹമ്മദിന്റെ കൊലപാതകം: ഉത്തർപ്രദേശ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
ഡൽഹി: മുൻ ലോക്‌സഭാ അംഗം ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. "അദ്ദേഹത്തിന് (ആതിഖ്) കാവലായി 5 മുതൽ 10 വരെ ആളുകൾ ഉണ്ടായിരുന്നു. ഇവിടേക്ക് പുറത്ത് നിന്നും ഒരാൾ എങ്ങനെ വന്ന് വെടിവയ്ക്കും? ഇത് എങ്ങനെ സംഭവിക്കുന്നു? ഇവരില്‍ ആരെങ്കിലും ഈ കൃത്യത്തില്‍ പങ്കാളികളാണോ," സുപ്രീംകോടതി ചോദിച്ചു.
ഈ മാസം ഏപ്രില്‍ 15 ന് പ്രയാഗ് രാജില്‍ വെച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലിരിക്കെ ആതിഖ് അഹമ്മദ് വെടിയേറ്റ് കൊല്ലപ്പെട്ടത്. 2017 മുതൽ നടന്ന 183 "പോലീസ് ഏറ്റുമുട്ടലുകളുടെ" സ്റ്റാറ്റസ് റിപ്പോർട്ടും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2017 മാർച്ചിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റതിനുശേഷം നിരവധി പോലീസ് ഏറ്റുമുട്ടലുകളിൽ 183 പേർ കൊല്ലപ്പെട്ടു. ഇവയിൽ പലതും വ്യാജ ഏറ്റുമുട്ടലുകളായിരുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചത്. ഉത്തർപ്രദേശ് സർക്കാരിനോട് ഈ ഏറ്റുമുട്ടലുകളുടെ വിശദാംശങ്ങൾ, അന്വേഷണത്തിന്റെ സ്ഥിതി, സമർപ്പിച്ച കുറ്റപത്രങ്ങൾ, വിചാരണയുടെ അവസ്ഥ എന്നിവ ആറാഴ്ചയ്ക്കകം സത്യവാങ്മൂലമായി സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടു.
തന്റെ സഹോദരങ്ങളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആതിഖ് അഹമ്മദിന്റെ സഹോദരി ഐഷ നൂറിയുടെ ഹർജിയിലാണ് യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത്. എന്നാൽ, പോലീസ് ഏറ്റുമുട്ടലുകളെക്കുറിച്ചും ഇതിൽ പൊലീസുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന പൊതുതാൽപര്യ ഹർജിക്കാരനായ വിശാൽ തിവാരിയുടെ ആവശ്യം കോടതി നിരസിച്ചു.
തന്റെ സഹോദരങ്ങളുടെ "എക്‌സ്‌ട്രാ ജുഡീഷ്യൽ" കൊലയെക്കുറിച്ച് റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ നൂറി സമർപ്പിച്ച ഹർജി ഉൾപ്പെടെയുള്ള ഹർജികൾ കേൾക്കാൻ സുപ്രീം കോടതി നേരത്തെ സമ്മതിച്ചിരുന്നു. അഹമ്മദ്, അഷ്‌റഫ് എന്നിവരെ ഏപ്രിൽ 15 ന് ആരോഗ്യ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയവർ ടിവി ക്യാമറകള്‍ക്ക് മുമ്പില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
അതേസമയം, അഹമ്മദിന്റെയും അഷ്‌റഫിന്റെയും മരണത്തെക്കുറിച്ച് സമ്പൂർണ്ണവും നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാനം ഒരു കാലതാമസവും വരുത്തില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.












Click it and Unblock the Notifications