ജയില്‍ചാടിയ 3 സിമി തീവ്രവാദികള്‍ പിടിയില്‍
ഭോപ്പാല്‍: നിരോധിത ഭീകരസംഘടനയായ സിമിയിലെ മൂന്ന് പേര്‍ മധ്യപ്രദേശ് എ ടി എസിന്റെ പിടിയിലായി. മൂന്ന് മാസം മുന്‍പ് ഖാണ്ട്വ ജയിലില്‍ നിന്നും രക്ഷപ്പെട്ട ഇവരെ മധ്യപ്രദേശിലെ സേന്ധ്വയില്‍ വെച്ചാണ് ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്നിനാണ് ഖാണ്ട്വ ജയിലില്‍ നിന്നും ഏഴ് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി രക്ഷപ്പെട്ടത്.
ജയില്‍ ചാടിയ ഉടന്‍ തന്നെ സംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മറ്റ് ആറ് പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണത്തിന് സാധിച്ചിരുന്നില്ല. ഭീകരര്‍ ജയില്‍ ചാടിയതിനെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഈ സംഘത്തില്‍പ്പെട്ട മൂന്ന് പേരെയാണ് സേന്ധ്വയില്‍ വെച്ച് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചും രണ്ട് കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ചുമാണ് ഏഴ് ഭീകരര്‍ ജയിലില്‍നിന്നും രക്ഷപ്പെട്ടത്. ഈ സംഭവം പോലീസ് തലത്തില്‍ വന്‍ വിവാദമായിരുന്നു. ഒക്ടോബര്‍ ഒന്നിന് അതിരാവിലെ മൂന്ന് മണിക്കാണ് ഇവര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ഖാണ്ട്വയില്‍ ഒരു പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍.
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന ആരോപണത്തെത്തുര്‍ന്ന് ഗവണ്‍മെന്റ് നിരോധിച്ച സംഘടനയാണ് സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന സിമി. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ 1977 ലാണ് സിമി രൂപകൊണ്ടത്. എന്നാല്‍ ബോംബ് സ്‌ഫോടനങ്ങളിലും ഭീകരവാദ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ട് എന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഒടുവില്‍ 2012 ലാണ് രണ്ട് വര്‍ഷത്തേക്ക് സിമിയെ നിരോധിച്ചത്.












Click it and Unblock the Notifications