ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ വീണ്ടും ആക്രമണം; കാറിന്റെ ചില്ല് തകർത്തു, 5 വയസുകാരന് പരുക്ക്
ബെംഗളൂരു: മലയാളി കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 5 വയസുകാരന് പരുക്ക്. ബെംഗളൂരുവില്‍ സോഫ്റ്റ്വെയർ എൻജിനീയർ ആയ കോട്ടയം പാലാ സ്വദേശി അനൂപ് ജോര്‍ജും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. കസവനഹള്ളിയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഒരാളെ പോലെ കസ്റ്റഡിയിൽ എടുത്തു.
അനൂപും ഭാര്യ ജിസും മക്കളായ സെലസ്റ്റ (11), സ്റ്റീവ് (5) എന്നിവരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നഗരത്തിൽ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇവർ സഞ്ചാരിച്ചിരുന്ന കാറിന് മുൻപിൽ ഉണ്ടായിരുന്ന ബലേനോ കാർ ആയിരുന്നു അക്രമി സംഘം ആദ്യം തടഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേർ കാർ തടഞ്ഞ് നിർത്തി ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്നതോടെ ഇവർ കല്ലെടുക്കാൻ ശ്രമിക്കവെ കാറിലുള്ളവർ വേഗത്തിൽ വണ്ടിയോടിച്ച് രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് അനൂപിന്റെ വാഹനത്തിന് നേരെ ആക്രമികൾ പാഞ്ഞടുത്തത്.

അനൂപ് എക്സിൽ പങ്കുവെച്ച ചിത്രം
ഇവരോടും കാറിന്റെ ചില്ല് താഴ്ത്താൻ സംഘം ആവശ്യപ്പെട്ടു. ഇതിനിടയിൽ അനൂപ് ഭാര്യയോട് വീഡിയോ എടുക്കാൻ പറയുകയായിരുന്നു. വീഡിയോ പകർത്തുന്നതിനിടയിൽ ഒരാൾ കല്ലുവെച്ച് ഗ്ലാസ് ചില്ല് തകർത്തു. ചില്ല് കൊണ്ട് പിൻസീറ്റിലിരുന്ന അഞ്ചു വയസുകാരൻ സ്റ്റീവിന്റെ തലയിൽ കൊണ്ടു. ഇതോടെ അനൂപും ഭാര്യയും കാറിൽ നിന്ന് ഇറങ്ങിയപ്പോൾ അക്രമി സംഘം ബൈക്കെടുത്ത് രക്ഷപ്പെട്ടു.
ഉടൻ തന്നെ അനൂപ് മകനെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. കുട്ടിയുടെ നെറ്റിയിൽ മൂന്ന് സ്റ്റിച്ചുണ്ട്. സംഭവം വിവരിച്ച് അനൂപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോലീസിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു. അതേസമയം ആശുപത്രിയിലായിരുന്നപ്പോൾ രണ്ട് പേർ തങ്ങളെ പിന്തുടർന്ന് എത്തിയതായും സംഭവം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും അനൂപ് പറഞ്ഞു. എന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു അനൂപിന്റെ മറുപടി. അനൂപിന്റെ പരാതിയിൽ ബുധനാഴ്ച രാത്രി തന്നെ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ടാമനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
നേരത്തേയും ഇത്തരത്തിൽ മലയാളി കുടുംബത്തിന് നേരെ ബെംഗളൂരുവിൽ ആക്രമണം ഉണ്ടായിട്ടുണ്ട്. 4 മാസം മുൻപ് മലയാളി ദമ്പതികൾ സഞ്ചരിച്ച കാർ സർജാപുര റോഡിൽ വെച്ച് ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിൽ അന്ന് 4 പേർ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications