ബംഗാളിൽ രാഹുൽ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; പിൻഭാഗത്തെ ചില്ലുകൾ തകർന്നു
കൊൽക്കത്ത: കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് കടന്നപ്പോഴാണ് സംഭവം. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. സംഭവ സമയത്ത് രാഹുൽ കാറിൽ ഉണ്ടായില്ലെന്നാണ് വിവരം.
മാൽഡ ജില്ലയിലേക്ക് കടന്നപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് പാർട്ടി ബംഗാൾ അധ്യക്ഷനായ ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. ആക്രമണത്തിൽ കാറിന്റെ പുറകുവശത്തെ ചില്ലുകൾ തകർന്നു. ഗുരുതര സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. പോലീസ് നോക്കി നിൽക്കുകയായിരുന്നു.ഇതൊക്കെ അവഗണിക്കുന്നത് കാരണം പലതും സംഭവിക്കും. ഇത് ചെറിയൊരു സംഭവമാണെങ്കിലും എന്തെങ്കിലും സംഭവിക്കാമായിരുന്നു. ബംഗാൾ ഭരണകുടം യാത്രയുമായി സഹകരിക്കുന്നില്ല, ഗ്ലാസുകൾ തകർന്നതാണോ ആരെങ്കിലും തകർത്തതാണോയെന്ന് എനിക്ക് അറിയില്ല' ചൗധരി പറഞ്ഞു.

കാറിന്റെ ചില്ലുകൾ രാഹുൽ ഗാന്ധി വന്ന് പരിശോധിക്കുന്നത് വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആൾക്കൂട്ടം ഇരച്ച് കയറിയതാണ് കാർ ചില്ല് തകരാൻ കാരണമായതെന്നാണ് പോലീസ് പറയുന്നത്. 'യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങ് നടക്കുന്നതിനിടെ ധാരാളം പേർ എത്തി. ആ സമ്മർദ്ദം കൊണ്ടാണ് ചില്ലുകൾ തകർന്നത്', പോലീസ് പറഞ്ഞു.
അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങൾ കൊണ്ടൊന്നും യാത്രയെ തകർക്കാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. 'മണിപ്പൂർ, അസം, മേഘാലയ, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങി കോൺഗ്രസ് സർക്കാരില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര കടന്നുപോയത്. എവിടെയൊക്കെയോ രാഹുലിൻ്റെ പോസ്റ്റർ കീറി, പലയിടത്തും യാത്ര തടഞ്ഞുഞങ്ങളുടെ കാറിൻ്റെ ചില്ലുകൾ ആക്രമണത്തിൽ തകർത്തു, എന്തൊക്കെ സംഭവിച്ചാലും ഒരു കാര്യം വ്യക്തമാണ് ഞങ്ങളുടെ യാത്ര തടസ്സപ്പെടില്ല, ഇന്ത്യൻ സഖ്യം തലകുനിക്കുകയുമില്ല. ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തുകയാണ് തൻ്റെ ലക്ഷ്യമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്നെ പറഞ്ഞതായി ഞാൻ ഓർമ്മിപ്പിക്കട്ടെ,"ജയറാം രമേശ് പറഞ്ഞു.
നേരത്തേ, ബംഗാൾ ഭരണകൂടം രാഹുൽ ഗാന്ധിക്ക് മാൽഡ ജില്ലയിലെ ഭലൂക്ക ഇറിഗേഷൻ ബംഗ്ലാവിൽ താമസിക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് യാത്രയുടെ ഷെഡ്യൂളിൽ കോൺഗ്രസ് മാറ്റം വരുത്തുകയും ചെയ്തിരുന്നു. തന്നെ യാത്രയെ കുറിച്ച് നേരത്തേ അറിയിച്ചില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനും മമത തയ്യാറായിരുന്നില്ല.












Click it and Unblock the Notifications