ചോരയില്‍ മുങ്ങിയ ഭ്രൂണം; 16കാരി എസ്പി ഓഫീസില്‍; ഞെട്ടിക്കുന്ന സംഭവം!! പുറത്തായത് ക്രൂര പീഡനം
സത്‌ന: 16കാരിയും അമ്മയും പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വരുന്നു. കുട്ടിയുടെ കൈയ്യില്‍ ഒരു ബാഗ്. പോലീസ് ഓഫീസര്‍മാര്‍ തടഞ്ഞുനിര്‍ത്തി കാര്യം തിരക്കി. ബാഗില്‍ നോക്കിയപ്പോള്‍ നിറയെ ചോര. വന്ന പെണ്‍കുട്ടിയും ക്ഷീണിതയാണ്. വിശദമായി ചോദിച്ചറിഞ്ഞപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന ക്രൂര പീഡനത്തിന്റെ കഥ.
മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ഈ 16കാരി. അവള്‍ പീഡനത്തിന് ഇരയായപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് മനക്കരുത്തോടെ മാസങ്ങള്‍ക്ക് ശേഷം എസ്പി ഓഫീസിലേക്ക് വന്നത്. കൈയ്യില്‍ താന്‍ പ്രസവിച്ച ഭ്രൂണവുമായി. കുഞ്ഞിനെ അവര്‍ കൊല്ലുകയായിരുന്നു... നടുക്കുന്നതാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍...

പത്താം ക്ലാസ് വിദ്യാര്‍ഥിനി
പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. കത്തികാട്ടി ഒരു സംഘം യുവാക്കള്‍ പീഡിപ്പിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പെണ്‍കുട്ടിയും വീട്ടുകാരും പോലീസ് സ്‌റ്റേഷന്‍ കയറി ഇറങ്ങിയതല്ലാതെ പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും നടന്നില്ല. തന്നെ പീഡിപ്പിച്ചവരുടെ പേരുകള്‍ പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അവരെ കസ്റ്റഡിയിലെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം പെണ്‍കുട്ടിക്ക് വയറുവേദനയുണ്ടായി. അപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി
ബുധനാഴ്ച പെണ്‍കുട്ടിക്ക് വേദന കടുത്തു. മാതാവും പെണ്‍കുട്ടിയും ഓട്ടോയില്‍ ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ വഴിയില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ ഓട്ടോ തടഞ്ഞു. ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വേദന ശക്തമാണെന്നും ഡോക്ടറെ കാണിക്കണമെന്നും കേണപേക്ഷിച്ചു. ഒടുവില്‍ ഒരു ഡോക്ടറുടെ വീട്ടിലെത്തിച്ചു. യുവാക്കള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. ശിശുവിനെ ഡോക്ടര്‍ കൊന്നുവെന്നും പെണ്‍കുട്ടി എസ്പി ഓഫീസിലെത്തി പോലീസുകാരോട് പറഞ്ഞു. പെണ്‍കുട്ടിയെത്തിയ വേളയില്‍ എസ്പി ഓഫീസിലുണ്ടായിരുന്നില്ല. പരാതി എഴുതികൊടുത്ത് പെണ്‍കുട്ടി മടങ്ങുകയായിരുന്നു.

ഡോക്ടറുടെ ക്രൂരത ഇങ്ങനെ
ഭ്രൂണം പുറത്തെടുത്ത ശേഷം ഡോക്ടര്‍ ഒരു ബാഗിലാക്കി പെണ്‍കുട്ടിക്ക് കൈമാറി. പോകുന്ന വഴിയില്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഓട്ടോ കൂലിക്ക് 20 രൂപയും കൈമാറി. വേദന കൊണ്ട് നടക്കാന്‍ കഴിയാതിരുന്ന പെണ്‍കുട്ടിയെ ബലമായി പുറത്താക്കി ഡോക്ടര്‍ വാതിലടച്ചു. ഗര്‍ഭഛിദ്രം നടത്തിയത് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് അവര്‍ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസുകാരോട് പറഞ്ഞു. തനിക്ക് നേരിട്ട പീഡനങ്ങള്‍ വിശദമാക്കി പെണ്‍കുട്ടി പുതിയ പരാതി എസപി ഓഫീസില്‍ നല്‍കിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

അക്രമികളുടെ വിവരങ്ങള്‍ കൈമാറി
നീരജ് പാണ്ഡെ എന്ന യുവാവും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളുടെ പേര് ആദ്യം ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയപ്പോഴും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എസ്പി ഓഫീസില്‍ നല്‍കിയ പരാതിയിലും പേര് എടുത്തുപറഞ്ഞിട്ടുണ്ട്. ദളിത് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായതെന്ന് സത്‌ന എസ്പി രാജേഷ് ഹിങ്കാര്‍ക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവെന്നാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications