'കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടത്തിനായി ന്യൂസ് ക്ലിക്ക് ഗൂഢാലോചന നടത്തി'; ഡൽഹി പോലീസ്
കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനും അരുണാചലിനെ തർക്ക പ്രദേശമായി ചിത്രീകരിക്കാനും വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്ക് ഗൂഢാലോചന നടത്തിയെന്ന് ഡൽഹി പോലീസ്. ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്തയും യുഎസ് വ്യവസായിയും കോടീശ്വരനുമായ നെവിൽ റോയ് സിംഗനും ഇയാളുടെ ഉടമസ്ഥതയിലുള്ള ഷാങ്ഹായ് ആസ്ഥാനമായുള്ള കമ്പനിയിലെ മറ്റ് ചില ചൈനീസ് ജീവനക്കാരും തമ്മിൽ ഇത് സംബന്ധിച്ച് പല ഇമെയിൽ സന്ദേശങ്ങളും കൈമാറിയിട്ടുണ്ടെന്നും ഡൽഹി പോലീസ് റിമാന്റ് അപേക്ഷയിൽ പറഞ്ഞു.
'കശ്മീരും അരുണാചൽ പ്രദേശും 'തർക്ക പ്രദേശങ്ങൾ' കാണിക്കാനുള്ള ശ്രമങ്ങളാണ് പ്രതികൾ നടത്തിയത്. ഇത്തരത്തിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കം വെയ്ക്കാനുളള നീക്കങ്ങളാണ് പ്രതികളിൽ നിന്ന് ഉണ്ടായത്. ന്യൂസ്‌ക്ലിക്കിന്റെ ഓഹരി ഉടമകളിൽ ഒരാളായ ഗൗതം നവ്‌ലാഖ, നിരോധിത നക്‌സൽ സംഘടനകളെ സജീവമായി പിന്തുണച്ചയാളാണ്. പാകിസ്ഥാൻ ഐഎസ്‌ഐയുടെ ഏജന്റായ ഗുലാം നബി ഫൈയുമായി നവ്ലാഖയ്ക്ക് ബന്ധമുണ്ടെന്നും പോലീസ് ആരോപിക്കുന്നു. മാത്രമല്ല പുർകയസ്തയും കൂട്ടാളികളും വിദേശ ഫണ്ട് സ്വീകരിച്ചു', പോലീസ് പറഞ്ഞു.

'ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങൾക്ക് ആവശ്യമായ വിതരണ സംവിധാനങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചു. കർഷക പ്രതിഷേധം ദീർഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോയി രാജ്യത്തെ സമ്പത്ത് ഇല്ലാതാക്കാനും നാശനഷ്ടം വരുത്താനും പ്രതികൾ ഗൂഢാലോചന നടത്തി. കൊവിഡ് മഹാമാരിയെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്താൻ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും പോലീസ് പറയുന്നു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലർ എന്ന സംഘടനയുമായി ചേർന്ന് പുർകയസ്ത ഗൂഢാലോചന നടത്തിയതായി അറിയാൻ കഴിഞ്ഞു. ന്യൂസ്‌ക്ലിക്കിന്റെ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ഡിസ്‌പാച്ച് പോർട്ടൽ, ഗൂഢാലോചനയുടെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ അനധികൃത വിദേശ ഫണ്ടുകൾ സ്വീകരിച്ചു. പകരമായി പെയ്‌ഡ് ന്യൂസ് വഴി ഈ തെറ്റായ വിവരങ്ങൾ മനഃപൂർവം പ്രചരിപ്പിക്കാൻ ഉപയോഗിച്ചതായും പോലീസ് പറയുന്നു.
സിംഗം, പുർകയസ്ത, ചക്രവർത്തി എന്നിവർ പരസ്പരം നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും കാശ്മീർ ഇല്ലാതെ ഇന്ത്യയുടെ ഭൂപടം എങ്ങനെ സൃഷ്ടിക്കാമെന്നും അരുണാചൽ പ്രദേശിനെ തർക്ക പ്രദേശമായി കാണിക്കാമെന്നും ചർച്ച നടത്തി. ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ടുകൾ സ്വീകരിച്ചെന്നും പൊലീസ് ആരോപിക്കുന്നു.
ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിലെ പ്രബിർ പുർകയസ്ഥ, അമിത് ചക്രവർത്തി എന്നിവരെ പോലീസ് ഇറസ്റ്റ് ചെയ്തത്. ഇവരുമായി ബന്ധപ്പെട്ട ഡൽഹിയിലെ 88 സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ 7 സ്ഥലങ്ങളിലും പോലീസ് റെയ്ഡ് നടത്തിയതായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇലരിൽ നിന്നും മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications